തിരുവനന്തപുരം: ബലാത്സംഗ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ പ്രതികരണവുമായി എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ഇത്തരം വിഷയങ്ങളിൽ പാർട്ടിയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കുക, പൊതുജനമധ്യത്തിലെ പാർട്ടിയുടെ പ്രതിച്ഛായ നിലനിർത്തുക എന്നിവ പരിഗണിച്ചാണ് കെ.പി.സി.സി. ഈ തീരുമാനമെടുത്തതെന്നും അത് എ.ഐ.സി.സി. അംഗീകരിച്ചെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.(To lift up the party's pride, KC Venugopal on Rahul Mamkootathil issue )
ആരോപണം ഉണ്ടായപ്പോൾ തന്നെ പാർട്ടി നിലപാടെടുത്തതാണ്. കേരളത്തിലെ ഒരു രാഷ്ട്രീയ പാർട്ടി ഇത്തരം വിഷയങ്ങളിൽ ഏറ്റവും വേഗത്തിൽ എടുത്ത തീരുമാനമാണിത് എന്നും കെ.സി. വേണുഗോപാൽ അഭിപ്രായപ്പെട്ടു. എം.എൽ.എ. സ്ഥാനത്ത് തുടരണമോ എന്ന കാര്യം രാഹുലാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ നിഷേധിച്ചതിന് തൊട്ടുപിന്നാലെയാണ് കോൺഗ്രസ് പുറത്താക്കൽ നടപടി പ്രഖ്യാപിച്ചത്. നിലവിൽ സസ്‌പെൻഷനിലായിരുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ ഉയർന്ന പരാതികളുടെയും രജിസ്റ്റർ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തിൽ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയതായി കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ. അറിയിക്കുകയായിരുന്നു.