തിരുവനന്തപുരം : പ്രമുഖ മാധ്യമപ്രവർത്തകനും സാഹിത്യകാരനുമായ ടിജെഎസ് ജോർജിന്റെ നിര്യാണത്തിൽ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി അനുശോചിച്ചു. വ്യക്തിപരമായി ഊഷ്മളമായ ബന്ധമുണ്ടായിരുന്ന വ്യക്തിയാണ് ജോർജ്. അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായും കുടുംബത്തിന്റെ ദുഖത്തിൽ പങ്കുചേരുന്നതായും എം എ ബേബി കുറിച്ചു.
അനുശോചനക്കുറിപ്പിപൂർണ രൂപം....
ഇന്ത്യയിലെ പത്രപ്രവർത്തനരംഗത്തെ കുലപതിയായിരുന്നു ടി ജെ എസ് ജോർജ്. ബോംബെയിലെ ഫ്രീ പ്രസ് ജേണലിൽ പത്രപ്രവർത്തനം ആരംഭിച്ച അദ്ദേഹം പിൽക്കാലത്ത് ഹോങ്കോങിൽ നിന്നു പ്രസിദ്ധീകരിച്ചിരുന്ന ഫാർ ഈസ്റ്റേൺ ഇക്കണോമിക് റിവ്യൂവിൽ പ്രവർത്തിച്ചു. ഏഷ്യാവീക്ക് മാസികയുടെ സ്ഥാപക പത്രാധിപരായിരുന്ന അദ്ദേഹം ദീർഘകാലം ഇന്ത്യൻ എക്സ്പ്രസ് പത്രത്തിന്റെ പത്രാധിപ ഉപദേശകനായിരുന്നു. സമകാലികമലയാളം ആഴ്ചപ്പതിപ്പ് സ്ഥാപിക്കുന്നതിൽ മുഖ്യ പങ്കു വഹിച്ച അദ്ദേഹം ഇന്ത്യൻ എക്സ്പ്രസ് പത്രത്തിൽ നീണ്ട 25 വർഷം എഴുതിയ ബോട്ടംലൈൻ (വ്യൂ പോയിന്റ്) കോളം ശ്രദ്ധേയമായിരുന്നു.
പത്രപ്രവർത്തനസ്വാതന്ത്ര്യത്തിനായി എന്നും നിലകൊണ്ട ടി ജെ എസ് ജോർജ് ആണ് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ പത്രത്തിലെഴുതിയതിന് അറസ്റ്റ് ചെയ്യപ്പെടുന്ന പത്രപ്രവർത്തകൻ. 1965-ൽ പട്‌ന പത്രമായ ദി സെർച്ച്‌ലൈറ്റിൽ അന്നത്തെ ബീഹാർ മുഖ്യമന്ത്രിയായിരുന്ന കെ ബി സഹായയ്‌ക്കെതിരെ വിമർശനാത്മക എഡിറ്റോറിയലുകൾ എഴുതിയതിനാണ് അദ്ദേഹം ജയിലിലടയ്ക്കപ്പെട്ടത്. ടിജെഎസ് ജോർജിന്റെ മെന്റർ ആയിരുന്ന വി കെ കൃഷ്ണമേനോനാണ് ഈ കേസിൽ അദ്ദേഹത്തെ പ്രതിരോധിച്ചത്. പത്രപ്രവർത്തകനെന്നതിലുപരി ഇന്ത്യയിലെ ശ്രദ്ധേയനായ ഗ്രന്ഥകാരനുമായിരുന്നു ജോർജ്. അദ്ദേഹമെഴുതിയ എം എസ് സുബ്ബുലക്ഷ്മിയുടെ ജീവിതചരിത്രം ഈ മഹാവിദുഷിയുടെ ചരിത്രം രേഖപ്പെടുത്തി വയ്ക്കുന്നതിൽ വലിയ പങ്കു വഹിച്ചു.