

മലപ്പുറം: തിരൂർ ജോയിന്റ് ആർടിഒ ഓഫീസിൽ (Tirur Joint RTO office) ലേണിങ് ടെസ്റ്റ് ഇല്ലാതെയും ആൾമാറാട്ടത്തിലൂടെയും വിദേശത്തുള്ളവർക്ക് അനധികൃതമായി ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കുന്ന വൻ തട്ടിപ്പ് വിജിലൻസ് കണ്ടെത്തി. ഏഴ് മണിക്കൂറോളം നീണ്ട മിന്നൽ പരിശോധനയിലാണ് ഉദ്യോഗസ്ഥരും ഏജന്റുമാരും ചേർന്നുള്ള റാക്കറ്റിന്റെ വിവരങ്ങൾ പുറത്തുവന്നത്.
വിദേശ രാജ്യങ്ങളിലെ ലൈസൻസ് ഉള്ളവർക്ക് ഇന്ത്യയിൽ ലേണേഴ്സ് ടെസ്റ്റ് പാസായാൽ ഡ്രൈവിംഗ് ടെസ്റ്റ് ഇല്ലാതെ ലൈസൻസ് ലഭിക്കും. എന്നാൽ, നാട്ടിലെത്താൻ കഴിയാത്ത പ്രവാസികൾക്ക് വേണ്ടി മറ്റൊരാളെ പരീക്ഷയ്ക്ക് ഇരുത്തി ആൾമാറാട്ടം നടത്തിയാണ് ഇവിടെ ലൈസൻസ് നൽകിയിരുന്നത്.
ഇത്തരത്തിൽ ഒരു ലൈസൻസ് തരപ്പെടുത്തി നൽകുന്നതിന് ഏജന്റുമാർ 50,000 രൂപ വരെയാണ് ഈടാക്കിയിരുന്നത്. ഈ തുകയുടെ വലിയൊരു ഭാഗം ഉദ്യോഗസ്ഥർക്ക് കൈക്കൂലിയായി ലഭിച്ചിരുന്നതായി വിജിലൻസ് കണ്ടെത്തി. തിരൂർ, കോട്ടക്കൽ, വളാഞ്ചേരി മേഖലകളിലെ ചില ഏജന്റുമാരും ഡ്രൈവിംഗ് സ്കൂൾ ഉടമകളും ഈ തട്ടിപ്പിൽ പങ്കാളികളാണ്. ജോയിന്റ് ആർടിഒയുടെ മേൽനോട്ടത്തിലാണ് ഈ അപേക്ഷകൾ പരിശോധിച്ചിരുന്നത്. പരിശോധനാ റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് കൈമാറി. വരും ദിവസങ്ങളിൽ കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്ന് അന്വേഷണ സംഘം അറിയിച്ചു.
മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരും ഏജന്റുമാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് പ്രവാസികളെ വരെ കബളിപ്പിക്കാനും നിയമം ലംഘിക്കാനും ഉപയോഗിച്ചിരിക്കുന്നത്.
A massive fraud involving the issuance of driving licenses through impersonation and bribery has been uncovered at the Tirur Joint RTO office by the Vigilance department. During a seven-hour raid, officials found that a syndicate of officers and agents had been granting licenses to expatriates who were not physically present for the mandatory learner's test. The agents reportedly charged up to ₹50,000 per applicant, with a significant portion of the bribe going to department officials.