
ലണ്ടന്‍ ആസ്ഥാനമായുള്ള ടൈംസ് ഹയര്‍ എജ്യുക്കേഷന്‍റെ വേള്‍ഡ് യൂണിവേഴ്സിറ്റി റാങ്കിംഗില്‍ മികച്ച നേട്ടം കൈവരിച്ച് മഹാത്മാ ഗാന്ധി സര്‍വകലാശാല. 2025 വര്‍ഷത്തേക്കുള്ള റാങ്കിംഗില്‍ സര്‍വകലാശാല 401 മുതല്‍ 500 വരെയുള്ള റാങ്ക് വിഭാഗത്തിലേക്ക് മുന്നേറ്റം നടത്തി. 2024ലെ റാങ്കിംഗില്‍ 501- 600 റാങ്ക് വിഭാഗത്തിലായിരുന്നു.
എം.ജി സര്‍വകലാശാല കൂടാതെ തമിഴ്നാട്ടിലെ അണ്ണാ സര്‍വകലാശാല, സിമാറ്റ്സ് ഡീംഡ് സര്‍വകലാശാല, ഹിമാചല്‍ പ്രദേശിലെ ശൂലിനി യൂണിവേഴ്സിറ്റി ഓഫ് ബയോടെക്നോളജി ആന്‍റ് മാനേജ്മെന്‍റ് എന്നിവ മാത്രമാണ് 401-500 റാങ്ക് വിഭാഗത്തിലുള്ളത്. 115 രാജ്യങ്ങളില്‍നിന്നുള്ള 2092 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്ന റാങ്ക് പട്ടികയില്‍ തുടര്‍ച്ചയായ ഒന്‍പതാം വര്‍ഷവും യു.കെയിലെ ഓക്സഫഡ് സര്‍വകലാശാല ഒന്നാം സ്ഥാനം നിലനിര്‍ത്തി.