കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഇഎൻടി വിഭാഗം പ്രവർത്തിക്കുന്ന 18-ാം വാർഡിൽ ടൈലുകൾ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത് രോഗികളിലും കൂട്ടിരിപ്പുകാരിലും വലിയ പരിഭ്രാന്തി പരത്തി. ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. ഒപി വിഭാഗത്തിന്റെ രണ്ടാം നിലയിലാണ് ഈ വാർഡ് പ്രവർത്തിക്കുന്നത്.(Tiles explode with a loud noise in ward at Kottayam Medical College)
വാർഡിലെ തറയിൽ പാകിയിരുന്ന ടൈലുകൾ പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. വലിയ ശബ്ദം കേട്ടതോടെ ഭയന്ന് രോഗികളും കൂട്ടിരിപ്പുകാരും പുറത്തേക്കോടി. സംഭവസമയത്ത് ഇരുപതോളം രോഗികളാണ് വാർഡിലുണ്ടായിരുന്നത്. ഉടൻ തന്നെ സെക്യൂരിറ്റി ജീവനക്കാർ ഇടപെട്ട് ഇവരെ ഒപി വിഭാഗത്തിലെ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റി. പിന്നീട് ഇവരെ പുതിയ കാഷ്വൽറ്റി കെട്ടിടത്തിന്റെ നാലാം നിലയിലുള്ള വാർഡുകളിലേക്ക് മാറ്റി.
കെട്ടിടത്തിന് നിലവിൽ ഘടനാപരമായ തകരാറുകൾ ഇല്ലെന്നാണ് പ്രാഥമിക നിഗമനം. മുൻകരുതൽ എന്ന നിലയിൽ 18-ാം വാർഡ് താൽക്കാലികമായി അടച്ചിടാനും വിശദമായ പരിശോധനകൾ നടത്താനും തീരുമാനിച്ചു.