
തൃശ്ശൂർ നഗരത്തിൽ പുലിക്കളിക്ക് വേണ്ടിയുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി. ഓണാഘോഷത്തിൻ്റെ ഭാഗമായി തൃശ്ശൂർ നഗരത്തെ ആവേശത്തിലാക്കുന്ന പുലികളി നാളെ വൈകിട്ട് 5 മണി മുതൽ താളമേളങ്ങളോടെ സ്വരാജ് ഗ്രൗണ്ടിലിറങ്ങും. 7 ദേശങ്ങളിൽ നിന്നുള്ള പുലികളി സംഘങ്ങളാണ് തൃശ്ശൂർ നഗരത്തെ ഉത്സവ തിമിർപ്പിലാക്കുക.
നാളെ വൈകിട്ടോടെ ശക്തൻ്റെ തട്ടകത്തിൽ വരയൻ പുലികളും പുള്ളി പുലികളും കരിമ്പുലിയും അരങ്ങ് വാഴും. ഓണാഘോഷത്തിന് പരിസമാപ്തി കുറിച്ചാണ് സാംസ്കാരിക നഗരത്തിന് ആവേശവും ആനന്ദവും പകർന്ന് പുലികളി നടക്കുന്നത്.