

വയനാട്: വന്യജീവി സങ്കേതത്തിലെ ആനിമൽ ഹോസ്‌പൈസിൽ പരിചരണത്തിലായിരുന്ന കടുവ ചത്തു. വനംവകുപ്പിന്റെ രേഖകളിൽ ഡബ്ല്യൂ.വൈ.എൻ-5 എന്ന് രേഖപ്പെടുത്തിയിരുന്ന കടുവയാണ് ഇന്ന് പുലർച്ചെ ജീവൻ വെടിഞ്ഞത്.(Tiger under care at Wayanad Wildlife Sanctuary dies)
നോർത്ത് വയനാട് ഡിവിഷനിൽ ബേഗൂർ റെയ്ഞ്ചിലെ പനവല്ലി പ്രദേശത്ത് വളർത്തുമൃഗങ്ങളെ നിരന്തരമായി പിടികൂടിയിരുന്നതിനെ തുടർന്നാണ് ഈ കടുവയെ 2023 സെപ്റ്റംബർ 26-ന് പിടികൂടിയത്. പിടികൂടുമ്പോൾ ഏകദേശം 15 വയസ്സുണ്ടായിരുന്ന കടുവ, രണ്ട് വർഷത്തെ പരിചരണത്തിന് ശേഷം 17-ാം വയസ്സിലാണ് മരിക്കുന്നത്.
പിടികൂടുമ്പോൾ തന്നെ കടുവയുടെ നാല് കോമ്പല്ലുകൾ നഷ്ടമായിരുന്നു. കൂടാതെ തുടയുടെ മേൽഭാഗത്ത് വലിയ മുറിവുമുണ്ടായിരുന്നു. ഇരതേടാനുള്ള ശേഷി നഷ്ടപ്പെട്ട നിലയിലായിരുന്നു ഇതിനെ കൊണ്ടുവന്നത്. കാഴ്ചക്ക് പ്രശ്‌നമുണ്ടായിരുന്ന കടുവയ്ക്ക് പിന്നീട് ഇരുകണ്ണുകളുടെയും കാഴ്ച പൂർണ്ണമായും നഷ്ടപ്പെട്ടു. ഭക്ഷണം തൊട്ടടുത്ത് എത്തിച്ചു നൽകിയാൽ മാത്രമായിരുന്നു കഴിച്ചിരുന്നത്.
കഴിഞ്ഞ നാല് മാസമായി കടുവയുടെ ആരോഗ്യസ്ഥിതി മോശമാവുകയായിരുന്നു. വെള്ളം കുടിക്കുന്നതിനും ആഹാരം കഴിക്കുന്നതിനും വലിയ വിമുഖത കാണിച്ചിരുന്നു. കഴിഞ്ഞ ആഴ്ച നടത്തിയ രക്തപരിശോധനയിൽ കിഡ്‌നിക്കും ലിവറിനും പരിഹരിക്കാനാവാത്ത പ്രശ്‌നങ്ങളുണ്ടെന്ന് കണ്ടെത്തി. മുൻപുണ്ടായിരുന്ന ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളും ഗുരുതരമായിരുന്നു.
വെറ്ററിനറി ഡോക്ടർമാരുടെ സംഘം നിരന്തരം നിരീക്ഷിച്ചു വരുന്നതിനിടെയാണ് ഇന്ന് പുലർച്ചെ 5.30-ഓടെ കടുവയുടെ ജീവൻ നഷ്ടപ്പെട്ടത്. പരിക്കേറ്റതും ജനങ്ങൾക്ക് ഭീഷണിയാകുന്നതുമായ വന്യജീവികളെ പരിചരിക്കുന്നതിനായി 2022 ഫെബ്രുവരിയിൽ കേരളത്തിലെ ആദ്യത്തെ ആനിമൽ ഹോസ്‌പൈസ് ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റ് ബത്തേരിക്കടുത്തുള്ള കുപ്പാടിയിൽ സ്ഥാപിച്ചിരുന്നു. ഇവിടെ പരിചരണം തുടങ്ങിയതിന് ശേഷം ആദ്യമായാണ് ഒരു വന്യജീവി മരിക്കുന്നത്.