
ബിഗ് ബോസ് മലയാളം സീസൺ ഏഴ് അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം. നിലവിൽ ഒൻപത് മത്സരാർത്ഥികളാണ് ബിബി ഹൗസിലുള്ളത്. അനുമോൾ, ആദില, നെവിൻ, നൂറ, അക്ബർ, സാബുമാൻ, അനീഷ്, ഷാനവാസ്, ആര്യൻ എന്നിവരാണ്. ഇവരിൽ ആരൊക്കെയാകും ടോപ് ഫൈവിൽ എത്തുകയെന്ന് അറിയാനാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ഇതിനു മുന്നോടിയായുള്ള ടിക്കറ്റ് ടു ഫിനാലെയ്ക്ക് തുടക്കമായി. ഷോയുടെ അവസാന ഘട്ടം എത്തുമ്പോൾ പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ഒന്നാണ് ടിക്കറ്റ് ടു ഫിനാലെ. അതുകൊണ്ടുതന്നെ ഇപ്പോൾ ബിഗ് ബോസ് ഷോ കാണുന്നതും പ്രേക്ഷകർക്ക് ത്രില്ലിങ്ങാണ്.
ബിഗ് ബോസ് നൽകുന്ന ഒരു കൂട്ടം ടാസ്കുകളിൽ ഒന്നാമത് എത്തുന്നത് ആരാണോ, അവർ ടോപ്പ് ഫൈവിൽ ഇടംപിടിക്കും. കഴിഞ്ഞ ദിവസം മുതലാണ് ടിക്കറ്റ് ടു ഫിനാലെയ്ക്ക് തുടക്കമായത്. മത്സരാർത്ഥികൾക്ക് ഒരു ബാറ്റ് നൽകിയിട്ടുണ്ട്. ഇത് ഉപയോഗിച്ച് ഒരു ബോൾ ഹോൾഡ് ചെയ്ത് ആക്ടിവിറ്റി ഏരിയയിലെ വോക്കിങ് റയിലിലൂടെ നടന്ന് അറ്റത്ത് വെച്ചിരിക്കുന്ന പാത്രത്തിലേക്ക് ബോൾ ഇടുക എന്നായിരുന്നു ടാസ്ക്. ഇതിൽ ഏറ്റവും ആദ്യം പറഞ്ഞ പ്രകാരം ടാസ്ക് ഫിനിഷ് ചെയ്ത് പോയിന്റ് നേടിയത് നെവിനാണ്. പത്ത് സെക്കന്‍ഡിനുള്ളില്‍ നെവിന് പാത്രത്തിൽ ബോൾ ഇടാൻ സാധിച്ചു. തൊട്ടടുത്ത സ്ഥാനം ആദിലയ്ക്ക് ആയിരുന്നു. 14 സെക്കന്‍ഡിനുള്ളിലാണ് ആദില ടാസ്ക് ഫിനിഷ് ചെയ്തത്.
പുതിയൊരു ടിക്കറ്റ് ടു ഫിനാലെ ടാസ്ക്കിന്റെ പ്രെമോ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. 'കച്ചി തുരുമ്പ്' എന്ന് പേരിട്ടിരിക്കുന്ന ഈ ടാസ്കിൽ ആര് വിജയിക്കുമെന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. മത്സരാർത്ഥികളുടെ പുറകിൽ നൽകിയ ഹാന്‍ഡിലില്‍ പിടിച്ച് പരമാവധി സമയം നിൽക്കുക എന്നതാണ് ടാസ്ക്. ഇതിനിടെയിൽ നെവിൻ കരയുന്നതും കാണാം. ഇത് കേട്ട് നെവിൻ പാട്ട് പാടുകയാണോ എന്ന് ചോദിച്ച ബിഗ് ബോസിനോട് കരച്ചിലാണെന്ന് നൂറ പറയുന്നതും കേൾക്കാം. വയ്യെങ്കിൽ നെവിനോട് ഇറങ്ങി പോകാൻ പറയുവെന്ന് ബിഗ് ബോസിനോട് അനു മോൾ ആവശ്യപ്പെടുന്നതും വീഡിയോയിൽ വ്യക്തമാണ്.