

തുറവൂർ: വിദേശത്തുള്ള മകന്റെ സുഹൃത്താണെന്നും പോലീസ് ഉദ്യോഗസ്ഥനാണെന്നും വിശ്വസിപ്പിച്ച് വീട്ടമ്മയെ കബളിപ്പിച്ച് പണവും മൊബൈൽ ഫോണും കവർന്നു. കോടംതുരുത്ത് ധന്യാ നിവാസിൽ ശ്രീദേവിയുടെ വീട്ടിലാണ് ഇന്നലെ ഉച്ചയോടെ നാടകീയമായ തട്ടിപ്പ് നടന്നത്.ശ്രീദേവിയുടെ മസ്‌കറ്റിലുള്ള മകന്റെ സുഹൃത്താണെന്ന് പറഞ്ഞാണ് മധ്യവയസ്കനായ ഒരാൾ വീട്ടിലെത്തിയത്. താൻ മരട് സ്റ്റേഷനിലെ എ.എസ്.ഐ ആണെന്നും ഇയാൾ വീട്ടുകാരെ വിശ്വസിപ്പിച്ചു.
താൻ കാൻസർ രോഗിയാണെന്നും സർവീസിൽ നിന്ന് വിരമിക്കാൻ ആറുമാസം മാത്രമേ ബാക്കിയുള്ളൂ എന്നും പറഞ്ഞ് ഇയാൾ വീട്ടുകാരോട് 1,800 രൂപ സഹായം ആവശ്യപ്പെട്ടു. കൈവശം അത്രയും പണമില്ലാത്തതിനാൽ 700 രൂപ ശ്രീദേവി ഇയാൾക്ക് നൽകി. ഇതിനിടെ വീട്ടുകാരുടെ ശ്രദ്ധമാറ്റി മേശപ്പുറത്തിരുന്ന മൊബൈൽ ഫോണും ഇയാൾ കവരുകയായിരുന്നു.
ഇയാൾ പോയതിന് ശേഷമാണ് ഫോൺ നഷ്ടപ്പെട്ട വിവരം വീട്ടുകാർ അറിഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ പറഞ്ഞ കാര്യങ്ങൾ വ്യാജമാണെന്ന് വ്യക്തമായി. സംഭവത്തിൽ ശ്രീദേവിയുടെ പരാതിയിൽ കുത്തിയതോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പരിസരത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നത്.