
തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നത്. അതേസമയം, കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അടുത്ത അഞ്ചുദിവസത്തെ മഴസാധ്യതാ പ്രവചനം അനുസരിച്ച് ഒരു ജില്ലകളിലും പ്രത്യേക മുന്നറിയിപ്പില്ല.കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വ്യാഴാഴ്ച വരെ തെക്കുപടിഞ്ഞാറൻ അറബിക്കടൽ, മധ്യ പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട് എന്നും മുന്നറിയിപ്പിൽ പറയുന്നു.
ഇന്നും ചൊവ്വ മുതൽ വ്യാഴം വരെയും തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിങ്കളാഴ്ച തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, കൊങ്കൺ - ഗോവ തീരങ്ങൾ, അതിനോടുചേർന്ന കടൽ പ്രദേശങ്ങൾ, തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.