

തൃശൂര്‍: തൃശൂര്‍ജീവിതം മലയാളത്തില്‍ ഒരു പക്ഷേ അതാദ്യമായി ഉടനീളം നിറഞ്ഞു നില്‍ക്കുന്ന കലാസൃഷ്ടികളാണ്് പത്മരാജന്റെ നോവലായ ഉദകപ്പോള, ഉദകപ്പോളയില്‍ നിന്ന് പത്മരാജന്‍ സൃഷ്ടിച്ച മലയാളത്തിലെ കള്‍ട്ട് ക്ലാസിക് തൂവാനത്തുമ്പികള്‍ എന്നും രണ്ടിലും തൃശൂര്‍ വെറും പശ്ചാത്തലമായല്ല ഒരു പ്രധാന കഥാപാത്രം പോലെ അവതരിക്കുകയാണെന്നും പത്മരാജന്റെ മകനും എഴുത്തുകാരനുമായ അനന്തപത്മനാഭന്‍. അതുകൊണ്ടു തന്നെ തൃശൂരിന്റെ പ്രാന്തപ്രദേശമായ പെരുവനത്തു നടക്കുന്ന രാജ്യാന്തര ഗ്രാമോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച തുമി എന്ന പത്മരാജന്‍സ്മൃതി സെഷന്‍ കലാസൃഷ്ടികളിലൂടെ തൃശൂരിനെ ആവിഷ്‌കരിച്ച പത്മരാജനോടുളള കൃതജ്ഞതയായി സ്വീകരിക്കുകയാണെന്നും അനന്തപത്മനാഭന്‍ പറഞ്ഞു. കഥകളികലാകാരന്‍ ഡോ. സദനം കൃഷ്ണന്‍കുട്ടിയുടെ മകനും കഥകളികലാകാരനും എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ വിനോദ് കൃഷ്ണ്‍ തൂവാനത്തുമ്പികളെ അടിസ്ഥാനമാക്കി സംവിധാനം ചെയ്ത ഡോക്യുഫിക്ഷന്‍ 'തുമി'യുടെ ട്രെയ്‌ലര്‍ റിലീസും ചടങ്ങില്‍ നടന്നു. അനന്തപത്മനാഭനും വിനോദിനുമൊപ്പം പത്മരാജന്റെ ജീവിതപങ്കാളിയായിരുന്ന രാധാലക്ഷ്മി, മകള്‍ മാധവിക്കുട്ടി, തൂവാനത്തുമ്പികളിലെ നായകനായ ജയകൃ്ഷ്ണന്റെ പാത്രസൃഷ്ടിക്ക് മാതൃകയായ തൃശൂര്‍ക്കാരന്‍ ഉണ്ണി മേനോന്‍, തൂവാനത്തുമ്പികളിലെ തങ്ങള്‍ എന്ന നെഗറ്റീവ് കഥാപാത്രത്തെ അനശ്വരമാക്കിയ ബാബു നമ്പൂതിരി എന്നിവരും തുടങ്ങിയവരും പെരുവനത്ത് നടന്ന പത്മരാജന്‍ സ്മൃതിയില്‍ പങ്കെടുത്തു.
പെരുവനം രാജ്യാന്തര ഗ്രാമോത്സവം ഉദ്ഘാടനം ചെയ്ത ശ്രീകുമാരന്‍ തമ്പിയാണ് വന്നുവല്ലോ ഇന്നലെ നീ വടക്കുന്നാഥന്റെ മുന്നില്‍ എന്നെല്ലാം പാടിയ തൂവാനത്തുമ്പികളിലെ ഹിറ്റ്ഗാനങ്ങള്‍ രചിച്ചത് എന്നും പരിപാടിയില്‍ പങ്കെടുത്തവര്‍ ഓര്‍ത്തു. അങ്ങനെ തൃശൂര്‍ക്കാരല്ലാത്ത ഒരുപാട് കലാകാരന്മാരുടെ തൃശൂര്‍ ആവിഷ്‌കാരം കൂടിയായി തൂവാനത്തുമ്പികള്‍. ബിരുദമെടുത്തയുടന്‍ പാലക്കാട്ടു നിന്നു വന്ന് ആകാശവാണിയുടെ തൃശൂര്‍ നിലയത്തില്‍ അനൗണ്‍സറായി ചേര്‍ന്നത് രാധാലക്ഷ്മി പത്മരാജന്‍ ഓര്‍ത്തു. തെക്ക് മുതുകുളത്തു നിന്ന് പത്മരാജനും ആ ബാച്ചില്‍ എത്തിയ പയ്യനായി തൃശൂര്‍ ആകാശവാണിലെത്തിയിരുന്നു. ആകാശവാണി തൃശൂര്‍ എന്ന് ആദ്യമായി ലൈവ് അനൗണ്‍സ്‌മെന്റ് വന്നത് തന്റെ ശബ്ദത്തിലൂടെയായിരുന്നു എന്നും രാധാലക്ഷ്മി ഓര്‍ക്കുന്നു. അന്ന് അവിടെ രൂപപ്പെട്ട സൗഹൃദമാണ് രാധാലക്ഷ്മിയുടേയും പത്മരാജന്റേയും വിവാഹത്തില്‍ കലാശിച്ചത്. നിര്‍ത്താതെ വര്‍ത്തമാനം പറയുന്ന സ്വഭാവക്കാരിയായിരുന്നു രാധാലക്ഷ്മി. തന്നോട് കൗശലത്തോടെ ചോദ്യങ്ങളെറിഞ്ഞ് തന്റെ നാട്ടുവിശേഷങ്ങളും വീട്ടുകഥകളുമെല്ലാം ചോര്‍ത്തിയെടുക്കലായിരുന്നു ജോലിയുടെ ഇടവേളകളില്‍ പത്മരാജന്റെ പരിപാടി. അന്ന് അതെന്തിനെന്ന് മനസ്സിലായില്ല. പിന്നീട് അവയത്രയും പല പല ചെറുകഥകളായി അച്ചടിച്ചു വന്നു. വീട്ടില്‍ കാരണവരായ അമ്മാവന്‍ പ്രശ്‌നമുണ്ടാക്കി. മകളായിരുന്നെങ്കില്‍ ചീന്തി കുളത്തിലെറിഞ്ഞേനെ എന്നു വരെ അമ്മാവന്‍ ഭീഷണിപ്പെടുത്തി. ജോലി രാജിവെപ്പിച്ചു. എന്നാലും പത്മരാജനെ അല്ലാതെ വേറെ ആരെയും വിവാഹം കഴിക്കില്ലെന്ന് രാധാലക്ഷ്മി വാശി പിടിച്ചു. അതിനു വേണ്ടി ഒരു ആത്മഹത്യാശ്രമം വരെ നടന്നു. ഒടുവില്‍ അവര്‍ ഒന്നായി. ആ പത്മരാജന്‍ കൂടെയില്ലാതെ 34 വര്‍ഷമായി ജീവിക്കുന്നു എന്നു പറഞ്ഞപ്പോള്‍ രാധാലക്ഷ്മിയുടെ തൊണ്ടയിടറി, കണ്ണുകള്‍ നിറഞ്ഞു. 'എന്നാല്‍ നിങ്ങളിലൂടെ, അദ്ദേഹത്തിന്റെ സൃഷ്ടികളോടുള്ള നിങ്ങളുടെ സ്‌ന്‌ഹേത്തിലൂടെ അദ്ദേഹം ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് എനിക്ക് മനസ്സിലായി' പെരുവനം രാജ്യാന്തര ഗ്രാമോത്സവം നടക്കുന്ന ശ്രീലകം ലൈഫ് ലോംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തടിച്ചു കൂടിയ കാണികളെ നോക്കി രാധാലക്ഷ്മി പറഞ്ഞു.
തിങ്കളാഴ്ച നല്ല ദിവസം എന്ന പത്മരാജന്‍ സിനിമയില്‍ ഏറെ നേരം പ്രത്യക്ഷപ്പെട്ട കഥാപാത്രത്തെ മകള്‍ മാധവിക്കുട്ടി ഓര്‍ത്തു. നവംബറിന്റെ നഷ്ടം, പറന്നു പറന്നു പറന്ന് എന്നീ സിനികള്‍ക്കു വേണ്ടി ഡബ് ചെയ്തു. എന്നാല്‍ ആദ്യം പ്രത്യക്ഷപ്പെട്ടത് കൈക്കുഞ്ഞായിരിക്കെ താനറിയാതെ പെരുവഴിയമ്പലത്തിലാണെന്നും മാധവിക്കുട്ടി പറഞ്ഞു. അതിലൊരു കുഞ്ഞ് ഉറങ്ങിക്കിടക്കുന്നുണ്ട്. ഉറക്കമുണര്‍ത്താതെ അതിനെ എടുത്തുകൊണ്ടുപോകുന്ന സീനുമുണ്ട്. ആ കുഞ്ഞ് താനായിരുന്നു, കാണികളുടെ കൂട്ടച്ചിരിക്കിടെ മാധവിക്കുട്ടി പറഞ്ഞു.
അമൃതം ഗമയ എന്ന സിനിമയില്‍ സാത്വികനായ ഇളയതിനെ അവതരിപ്പിച്ചതിനു തൊട്ടുപിന്നാലെയാണ് ഏറെ നെഗറ്റീവ് ടോണുള്ള തങ്ങള്‍ എന്ന കഥാപാത്രത്തെ അവതരിപ്പി്ക്കാന്‍ പപ്പേട്ടന്‍ ക്ഷണിച്ചത് എന്ന് ബാബു നമ്പൂതിരി ഓര്‍ത്തു. വീട്ടില്‍ ടെലിഫോണില്ലാഞ്ഞതിനാല്‍ ടെലിഗ്രാം ചെയ്ത് വിളിപ്പിക്കുകയായിരുന്നു. നാടകരംഗത്തു നിന്നാണ് സിനിമയിലേയ്ക്കു വന്നത്. അതുകൊണ്ട് ഡയലോഗ് ഡെലിവറിയിലും മറ്റും നാടകസ്വാധീനം അവശേഷിച്ചു. ആദ്യദിനം തന്നെ പപ്പേട്ടന്‍ സ്‌നേഹത്തോടെ ചെവിയില്‍ വന്നു പറഞ്ഞു ബാബു നാടകത്തില്‍ നിന്ന് കുറച്ചു കൂടി പറിഞ്ഞു പോരണം എന്ന്. നടീനടന്മാരില്‍ നി്ന്ന് ഏറ്റവും മികച്ചത് ചൂഷണം ചെയ്‌തെടുക്കാന്‍ പത്മരാരജന്് മികച്ച വിരുതുണ്ടായിരുന്നുവെന്നും ബാബു നമ്പൂതിരി ഓര്‍ത്തു.
ഇപ്പോഴും ദൂരദൂരങ്ങളില്‍ നിന്നുപോലും ആളുകള്‍ കാഴ്ചവസ്തുക്കളുമായി കാണാന്‍ വരുന്നത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും എല്ലാം തൂവാനത്തുമ്പികളുടെ മാജിക്കാണെന്നും ജയകൃഷ്ണന്‍ എന്ന പ്രസിദ്ധമായ മോഹന്‍ലാല്‍ കഥാപാത്രത്തിന് മാതൃകയായ ഉണ്ണി മേനോന്‍ പറഞ്ഞു. തന്റെ ജീവിതത്തിലെ പല രംഗങ്ങളും ആത്മസുഹൃത്തായിരുന്ന പത്മരാജന്‍ നോവലിലും സിനിമയിലും അതേപടി പകര്‍ത്തിയെന്ന് തൃശൂര്‍ക്കാരനായ ഉണ്ണി മേനോന്‍ പറഞ്ഞു. ഒന്നിലേറെ തലമുറകള്‍ ഒരു ലഹരിപോലെയാണ് തൂവാനത്തുമ്പികളെ പിന്തുടരുന്നത്. തൃശിനെപ്പോലെ തൂവാനത്തുമ്പികളിലെ മറ്റൊരു കഥാപാത്രമായ മഴയുടെ ഓര്‍മയിലാണ് മഴത്തുള്ളി എന്നര്‍ത്ഥം വരുന്ന തുമി എന്ന് ഡോക്യുമെന്ററിക്ക്് പേരിട്ടതെന്ന് സംവിധായകന്‍ വിനോദ് കൃഷ്ണന്‍ പറഞ്ഞു. 20 മിനിറ്റ് ദൈര്‍ഘ്യമുള്ള തുമി വൈകാതെ യൂട്യൂബിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.