തൃശൂർ:കോർപ്പറേഷൻ മേയർ പദവി പണം വാങ്ങി വിറ്റെന്ന ഗുരുതര ആരോപണം ഉന്നയിച്ച കൗൺസിലർ ലാലി ജെയിംസിന് മറുപടിയുമായി മേയർ നിജി ജസ്റ്റിൻ. ഇവരെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. എന്നാൽ തന്നെ തഴഞ്ഞതിൽ പ്രതിഷേധിച്ച് ആരോപണം ഉന്നയിച്ചെങ്കിലും, ഇന്നലെ നടന്ന വോട്ടെടുപ്പിൽ ലാലി ജെയിംസ് പാർട്ടി സ്ഥാനാർത്ഥി ഡോ. നിജി ജസ്റ്റിന് തന്നെ വോട്ട് രേഖപ്പെടുത്തി. വിവാദങ്ങളോട് രാഷ്ട്രീയമായി പ്രതികരിക്കാൻ താനില്ലെന്ന് മേയർ ഡോ. നിജി ജസ്റ്റിൻ വ്യക്തമാക്കി.(Thrissur corporation Mayor Niji Justin responds to Lali James)
"വിനയമില്ലാത്ത സേവനം സ്വാർത്ഥതയും അഹന്തയുമാണെന്ന് മഹാത്മാഗാന്ധി പറഞ്ഞിട്ടുണ്ട്. നിങ്ങളിൽ വലിയവനാകാൻ ആഗ്രഹിക്കുന്നവൻ എല്ലാവരുടെയും ശുശ്രൂഷകനായിരിക്കണം, നിങ്ങളിൽ ഒന്നാമൻ ആകാൻ ആഗ്രഹിക്കുന്നവൻ എല്ലാവരുടെയും ദാസൻ ആയിരിക്കണം" എന്ന ബൈബിൾ വചനം ഉയർത്തിപ്പിടിച്ച് തൃശൂരിലെ ജനങ്ങളുടെ ദാസനായി പ്രവർത്തിക്കാനാണ് താൻ ആഗ്രഹിക്കുന്നത്," എന്ന് മേയർ പറഞ്ഞു.
മേയർ പദവി വിൽക്കാൻ ഡി.സി.സി അധ്യക്ഷൻ ജോസഫ് ടാജറ്റ് പണം ആവശ്യപ്പെട്ടെന്ന ലാലിയുടെ ആരോപണത്തിന് അദ്ദേഹം മറുപടി നൽകിയിരുന്നു. കള്ളിമുണ്ടുടുത്ത് ടി.വി.എസ് മോപ്പഡിൽ യാത്ര ചെയ്യുന്ന ചിത്രം പങ്കുവെച്ചുകൊണ്ട്, "എന്താ പ്രസിഡന്റേ, യാത്ര ഇങ്ങനെയാക്കിയോ?" എന്ന അടിക്കുറിപ്പോടെയാണ് ടാജറ്റിന്റെ അനുകൂലികൾ ഇത് പ്രചരിപ്പിച്ചത്. പണത്തിന് പുറകെ പോകുന്നവനല്ല താനെന്ന സന്ദേശമാണ് ഇതിലൂടെ അദ്ദേഹം നൽകിയത്. കൂടാതെ, നാല് തവണ കൗൺസിലറായ ലാലി ജെയിംസ് അന്ന് ആർക്കാണ് പണപ്പെട്ടി നൽകിയതെന്ന് വ്യക്തമാക്കണമെന്നും ടാജറ്റ് തിരിച്ചടിച്ചു.
സസ്‌പെൻഷൻ നടപടിയെക്കുറിച്ച് താൻ മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് ലാലി ജെയിംസ് പറഞ്ഞു. തന്നെപ്പോലെയുള്ള സാധാരണക്കാരെ പാർട്ടി അവഗണിക്കുന്നു എന്ന പരാതിയിൽ അവർ ഉറച്ചുനിന്നു. കോൺഗ്രസ് വിട്ട് എങ്ങോട്ടും പോകില്ലെന്നും അവർ വ്യക്തമാക്കി.