തൃശ്ശൂർ: മുണ്ടത്തിക്കോടുണ്ടായ സ്ഫോടനത്തിൽ മരിച്ച 13 പേരിൽ മൂന്നുപേരെ തിരിച്ചറിഞ്ഞു. ചൊവ്വാഴ്ച രാത്രിയോടെ ബന്ധുക്കൾ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത് (Mundathikode Blast Victims Identified). ഇവരുടെ മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പഴയന്നൂർ വെണ്ണൂർ സ്വദേശി സുദർശനൻ (54), പാലക്കാട് കുമരനെല്ലൂർ മാടിപ്പുറം സ്വദേശി വാസുദേവൻ (54), തൃശ്ശൂർ കുണ്ടന്നൂർ സ്വദേശി സുവിൻ (40) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. മറ്റ് മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി ഡിഎൻഎ പരിശോധന ഉൾപ്പെടെയുള്ള നടപടികൾ വേണ്ടിവരുമെന്നാണ് സൂചന.
അതേസമയം , അപകടത്തിൽ മെഡിക്കൽ കോളേജ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ ഫൊറൻസിക് വിദഗ്ധരും നാളെ സ്ഥലത്തെത്തും. ഇരുട്ടായതിനാലും പുകയും പൊട്ടിത്തെറികളും തുടരുന്നതിനാലും സമീപത്തെ കുളങ്ങളിലും പാടശേഖരങ്ങളിലും നടത്തിയിരുന്ന തിരച്ചിൽ താൽക്കാലികമായി നിർത്തിവെച്ചു. ബുധനാഴ്ച രാവിലെ അത്യാധുനിക സംവിധാനങ്ങളുമായി തിരച്ചിൽ പുനരാരംഭിക്കും.
ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി പരിക്കേറ്റവരുടെ ചികിത്സാ പുരോഗതി വിലയിരുത്തി. പൊള്ളലേറ്റവർക്കായി സജ്ജീകരിച്ച പ്രത്യേക വാർഡിൽ ഡോക്ടർമാരുമായി കളക്ടർ കൂടിക്കാഴ്ച നടത്തി. മെഡിക്കൽ കോളേജ് മോർച്ചറി പരിസരത്ത് തങ്ങളുടെ പ്രിയപ്പെട്ടവരെക്കുറിച്ചുള്ള വിവരങ്ങൾക്കായി നൂറുകണക്കിന് ആളുകളാണ് ആശങ്കയോടെ കാത്തിരിക്കുന്നത്. മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി മോർച്ചറിയിൽ പ്രത്യേക സഹായ കേന്ദ്രവും സജ്ജമാക്കിയിട്ടുണ്ട്.
Story Summary: Three victims of the Thrissur Mundathikode fireworks blast have been identified as Sudharshanan (54) from Pazhayannur, Vasudevan (54) from Palakkad, and Suvin (40) from Kundannur. Medical College Police have registered a case for unnatural death. Rescue operations in nearby water bodies were paused for the night and will resume on Wednesday morning.

