മലപ്പുറം: വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ പെട്രോളൊഴിച്ച് കത്തിച്ച കേസിലെ പ്രതികളെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കുറത്തിയാർ പൊയിൽ സ്വദേശി താവളത്തിൽ മുഹമ്മദ് ഷാഹുൽ (28), പുളിക്കലോടി സ്വദേശികളായ വാഴക്കുണ്ടൻ സുബൈർ ബാബു (37), കരിമ്പിൽ മുഹമ്മദ് നിയാസ് (23) എന്നിവരെയാണ് നിലമ്പൂർ സിഐ ബിനു ബി എസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ഡിസംബർ 1ന് കോടതി പടിയിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീടിന് സമീപം വെച്ച് ബൈക്കിൽ വന്ന പ്രതികൾ നിരന്തരം ഹോണടിച്ച് ശല്യമുണ്ടാക്കിയത് പരാതിക്കാരനും സുഹൃത്തും ചോദ്യം ചെയ്തിരുന്നു. തുടർന്ന് ഇതിനെ ചൊല്ലി വാക്ക് തർക്കമുണ്ടാവുകയും മടങ്ങി പോയ പ്രതികൾ സമീപത്തെ പമ്പിൽ നിന്നും പെട്രോൾ വാങ്ങി പുലർച്ചെ 1.30 യോടെ മടങ്ങിവന്ന് വീട്ടുമുറ്റത്ത് നിർത്തിയിരുന്ന കാർ പെട്രോളൊഴിച്ച് തീ കത്തിക്കുകയുമായിരുന്നു.
ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങി നോക്കിയപ്പോഴാണ് കാർ കത്തുന്നത് കണ്ടത്. ഉടൻ തന്നെ തീ അണച്ചു. കത്തിച്ച കാറിൽ ടാങ്ക് നിറയെ പെട്രോൾ ഉണ്ടായിരുന്നു. തീ പടർന്നിരുന്നെങ്കിൽ കാർ കത്തി പൊട്ടിത്തെറിക്കാനും വീട്ടിലേക്ക് വ്യാപിക്കാനും ഇടയാകുമായിരുന്നു. അക്രമം നടത്തിയവർ കാർ കത്തിക്കുമ്പോൾ മുഖം മറച്ചിരുന്നു. എന്നാൽ മുഖം മറക്കാതെയാണ് പമ്പിൽ നിന്ന് പെട്രോൾ വാങ്ങിയത്. പെട്രോൾ പമ്പിലെ സിസിടിവി ദൃശ്യത്തിൽ നിന്നാണ് പ്രതികളുടെ മുഖം തിരിച്ചറിഞ്ഞത്. ഇതോടെ അന്വേഷണം യുവാക്കളിലേക്കെത്തുകയായിരുന്നു.