

മലപ്പുറം: വളാഞ്ചേരിയിൽ വീടിനകത്ത് കയറി സ്വർണാഭരണം കവർന്ന കേസിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേർ ഉൾപ്പെടെ മൂന്ന് പേരെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. മോഷണ മുതലായ മാല വിൽക്കാൻ സഹായിച്ചതിന് പേരശ്ശന്നൂർ സ്വദേശി വി.പി. അബ്ദുൽ ഗഫൂറും (47) പിടിയിലായി.
ആതവനാട് പാറ സ്വദേശിനിയായ 47 കാരിയുടെ വീടിനകത്ത് കയറി കിടപ്പുമുറിയിലെ അലമാരയുടെ പൂട്ട് തകർത്താണ് മോഷണം നടത്തിയത്.ഏകദേശം രണ്ട് പവനോളം വരുന്ന സ്വർണമാലയാണ് കവർന്നത്.കവർച്ച നടത്തിയത് ബന്ധുവായ 17-കാരനാണ്. ഇയാളെ സഹായിച്ച മറ്റൊരു 17-കാരനും അറസ്റ്റിലായി.പിടിയിലായ ഇരുവരും ചേർന്ന് മാല വിൽക്കുന്നതിനായി അബ്ദുൽ ഗഫൂറിന് കൈമാറി. ഗഫൂർ, വളാഞ്ചേരി ടൗണിൽ ലോട്ടറിക്കച്ചവടം നടത്തുന്ന ഒരു യുവതിയുടെ സഹായത്തോടെ ടൗണിലെ ഒരു ജ്വല്ലറിയിൽ സ്വർണാഭരണം വിൽക്കുകയും തുക കൈപ്പറ്റുകയും ചെയ്തു.മാല വിൽക്കാൻ സഹായിച്ച യുവതിക്കായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി. എസ്.എച്ച്.ഒ. വിനോദ് വലിയാട്ടൂരിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.