

കണ്ണൂർ: കൂത്തുപറമ്പ് (Koothuparambu) നീർവേലിയിൽ 23 കാരനായ യുവാവിനെയും മുത്തശ്ശിയെയും മുത്തശ്ശിയുടെ സഹോദരിയെയും വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കിഷൻ സുനിൽ (23), റെജി വി.കെ, റെജിയുടെ സഹോദരി റോജ എന്നിവരാണ് മരിച്ചതെന്നാണ് വിവരം. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് ദാരുണമായ ഈ സംഭവം പുറംലോകം അറിയുന്നത്.
മരിച്ച കിഷൻ സുനിൽ ഒരു പോക്സോ കേസിൽ പ്രതിയായിരുന്നുവെന്ന് പോലീസ് സൂചിപ്പിക്കുന്നു. കൊച്ചുമകൻ മരിച്ചതിലുള്ള കടുത്ത വിഷമം മൂലമാകാം മുത്തശ്ശിയും സഹോദരിയും ആത്മഹത്യ ചെയ്തതെന്ന് കരുതപ്പെടുന്നു. കൂത്തുപറമ്പ് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും. കൂടുതൽ അന്വേഷണത്തിന് ശേഷമേ കൃത്യമായ മരണകാരണം വ്യക്തമാകൂ.