
ബിഗ് ബോസ് മലയാളം സീസൺ ഏഴ് പതിനൊന്നാം ആഴ്ചയിലേക്ക് കടക്കുകയാണ്. ബിബി ഹൗസിൽ ഇനി പതിനൊന്ന് മത്സരാര്‍ഥികളാണ് ഉള്ളത്. ഇവരിൽ ആരൊക്കെയാണ് ടോപ്പ് ഫൈവില്‍ എത്തുന്നതെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. കഴിഞ്ഞ ദിവസം എവിക്ഷൻ എപ്പിസോഡ് പ്രതീക്ഷിച്ചിരുന്നവർക്ക് ഷാനവാസിനോട് പൊട്ടി തെറിക്കുകയും പി.ആർ എന്താണെന്ന് അറിയില്ലെന്ന് പറഞ്ഞ അനീഷിനെ വിമർശിക്കുകയും ചെയ്ത് മോഹൻലാലിനെയാണ് കാണാനായത്.
ഈ ആഴ്ച വീട്ടിൽ നിന്ന് പുറത്ത് പോകുന്നത് ആരാണെന്ന കാര്യം ഇന്ന് അറിയാം. എട്ട് പേരാണ് ഇത്തവണ നോമിനേഷന്‍ ലിസ്റ്റില്‍ ഉണ്ടായിരുന്നത്. ഷാനവാസ്, അനീഷ്, നെവിന്‍, അനുമോള്‍, സാബുമാന്‍, അക്ബര്‍, ലക്ഷ്മി, ബിന്നി എന്നിവര്‍. ഇതിൽ കഴിഞ്ഞ ദിവസം തന്നെ രണ്ട് പേർ സേവ്ഡ് ആയി. അവശേഷിക്കുന്ന ആറ് പേരില്‍ നിന്നാണ് ഇന്ന് എവിക്ഷന്‍ നടക്കുക. എന്നാൽ ബിഗ് ബോസ് പുറത്തുവിട്ട പ്രൊമോയിൽ ആറ് പേരില്‍ നിന്ന് മൂന്ന് പേര്‍ കൂടി സേവ്ഡ് ആയെന്നാണ് സൂചന. ഇനി എവിക്ഷൻ ലിസ്റ്റിൽ അവശേഷിക്കുന്നത് അക്ബര്‍, ലക്ഷ്മി, ബിന്നി എന്നിവരാണ്. ഇതിൽ നിന്ന് ഒരാളോ ഒന്നിലധികം പേരോ പുറത്താവുമെന്നാണ് പ്രൊമോയിൽ പറയുന്നത്.
ഇന്ന് നടക്കുന്ന എവിക്ഷനിൽ ഗാര്‍ഡന്‍ ഏരിയയിലെ മൂന്ന് പെഡസ്റ്റലുകളില്‍ മൂന്ന് മത്സരാര്‍ഥികളുടെ ചിത്രങ്ങളും അതിന് താഴെയായി അവരുടെ പ്രേക്ഷകവിധിയും ഉണ്ട്. ഇതിനുള്ളിൽ സ്പോഞ്ച് ഗ്രാന്യൂള്‍സ് കൊണ്ട് നിറച്ചിരിക്കുന്നതും കാണാം. തുടർന്ന് മത്സരാർത്ഥികൾ തന്നെ അതിന്റെ സുഷിരം തുറന്ന് ഗ്രാന്യൂള്‍സ് പുറത്തേക്ക് കളയുന്നതും മത്സരാര്‍ഥികളുടെ ചിത്രങ്ങള്‍ തെളിഞ്ഞുവരുന്നതും പ്രെമോയിൽ കാണാം. ബാക്കി മത്സരാര്‍ഥികള്‍ അതിലേക്ക് ഉറ്റുനോക്കുന്നതും പ്രൊമോയില്‍ വ്യക്തമാണ്. ഇവരിൽ ആരാകും പുറത്താവുക എന്നതാണ് ആരാധകർ ഉറ്റുനോക്കുന്നത്.