കണ്ണൂർ: സി.പി.ഐ കണ്ണൂർ ജില്ലാ കൗൺസിൽ അംഗം കോമത്ത് മുരളീധരനും സംഘത്തിനുമെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തു. പൊലീസിനെ ഭീഷണിപ്പെടുത്തുക, കൃത്യനിർവഹണം തടസ്സപ്പെടുത്തുക, അനുമതിയില്ലാതെ മൈക്ക് പ്രവർത്തിപ്പിക്കുക എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ്.(Threatened the police, Case filed against CPI leader)
മാന്ധംകുണ്ട് റസിഡന്റ്സ് അസോസിയേഷൻ സംഘടിപ്പിച്ച പുതുവത്സര പരിപാടിയിൽ രാത്രി 12.30 കഴിഞ്ഞും മൈക്ക് പ്രവർത്തിപ്പിച്ചത് ചോദ്യം ചെയ്തപ്പോഴാണ് സംഘർഷമുണ്ടായത്. മൈക്ക് ഓഫ് ചെയ്യാൻ ആവശ്യപ്പെട്ട സബ് ഇൻസ്പെക്ടർ കെ. സതീശനെ മുരളീധരനും സംഘവും ഭീഷണിപ്പെടുത്തിയതായി എഫ്.ഐ.ആറിൽ പറയുന്നു. "നീയാരാടാ മൈക്ക് നിർത്തിപ്പിക്കാൻ" എന്ന് ആക്രോശിച്ചുകൊണ്ട് പൊലീസിനെ തടഞ്ഞുവെന്നാണ് പരാതി.
കഴിഞ്ഞ വർഷം ഇതേ സ്ഥലത്ത് സി.പി.ഐ - സി.പി.എം സംഘർഷം നടന്നതിനാൽ, മുൻകരുതൽ നടപടിയായി ഇന്നലെ പകൽ മുരളീധരനെയും മറ്റ് മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. മുരളീധരനൊപ്പം അസോസിയേഷൻ ഭാരവാഹികളായ കെ. ഷിജു, എം. വിജേഷ് എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.