

ബിഗ് ബോസ് സീസൺ ഏഴിന്റെ ഫിനാലെ വീക്കാണ് ഇപ്പോൾ നടക്കുന്നത്. ഞായറാഴ്ചയാണ് ഗ്രാൻഡ് ഫിനാലെ. അതിനു മുന്നോടിയായി പുറത്തായ മത്സരാർത്ഥികൾ ഈ ആഴ്ച തിരികെ വീട്ടിലെത്തിയിട്ടുണ്ട്. എന്നാൽ, വീട്ടിലെത്തിയ മത്സരാർത്ഥികൾ അവിടെ തുടരെ വഴക്കും വാക്കുതർക്കവുമാണ് നടത്തുന്നത്. ഇത് പ്രേക്ഷകരെ ചൊടിപ്പിച്ചിട്ടുണ്ട്.
അനുമോളും പിആറുമാണ് വാക്കുതർക്കങ്ങളുടെ പ്രധാന കാരണം. അനുമോളുടെ പിആർ തന്നെ കട്ടപ്പ എന്ന് വിളിച്ചെന്നും പിന്നിൽ നിന്ന് കുത്തിയെന്നും ശൈത്യ ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് വലിയ വാക്കുതർക്കമുണ്ടായി. പിന്നാലെ ശൈത്യയുടെ പിആർ ചെയ്ത വിനു വിജയ് ഈ ആരോപണങ്ങൾ തള്ളി രംഗത്തെത്തി. താൻ ശൈത്യയെ കട്ടപ്പ എന്ന് വിളിച്ചിട്ടില്ലെന്നും പിന്നിൽ നിന്ന് കുത്തിയില്ലെന്നുമാണ് പിആർ പ്രതികരിച്ചത്.
പിന്നീട്, ആർജെ ബിൻസി, അപ്പാനി ശരത് എന്നിവരും അനുമോൾക്കെതിരെ രംഗത്തുവന്നു. തന്നെയും ശരതിനെയും പറ്റിയുള്ള അനുമോളുടെ സംസാരമാണ് ബിൻസി ചൂണ്ടിക്കാട്ടിയത്. ഇതുമായി ബന്ധപ്പെട്ടും വലിയ വാക്കുതർക്കം ഉണ്ടായി. ഇതിൽ അക്ബർ, നൂറ, ആദില തുടങ്ങിയവരും ഇടപെട്ടിരുന്നു.
കൂടാതെ, ബിൻസിയും മസ്താനിയും തമ്മിൽ മറ്റൊരു വലിയ വഴക്കുണ്ടായി. പുറത്ത് ഇൻ്റർവ്യൂ നടത്തിയപ്പോൾ തന്നോട് ചോദിച്ച ചോദ്യങ്ങളുമായി ബന്ധപ്പെട്ടാണ് ബിൻസി മസ്താനിയുമായി വാക്കുതർക്കമുണ്ടായത്. ബിൻസിയുടെ അച്ഛനെപ്പറ്റി മസ്താനി പറഞ്ഞത് വലിയ വഴക്കിനിടയാക്കി.
ഇതിനിടെ, അടുക്കളയിൽ വച്ച് നെവിനും ജിഷിനും തമ്മിൽ വഴക്കുണ്ടായി. നെവിൻ കൂടുതൽ പൂരി എടുത്തെന്ന ആരോപണത്തിലായിരുന്നു വഴക്ക്. മുൻഷി രഞ്ജിത് എല്ലാവരോടും മുഖം വീർപ്പിച്ചാണ് സംസാരിച്ചത്. റെന ഫാത്തിമയും രഞ്ജിതുമായി ചെറിയ വാക്കുതർക്കം ഉണ്ടാവുകയും ചെയ്തു.
പുറത്തുപോയിട്ട് വന്നവർക്ക് അകത്തുള്ളവരോട് അസൂയയാണെങ്കിൽ ഇവരെ വീണ്ടും പുറത്താക്കണമെന്നാണ് പ്രേക്ഷകർ ആവശ്യപ്പെടുന്നത്. ഇനി രണ്ട് ദിവസം മാത്രമാണ് ബിബി 7ൽ അവശേഷിക്കുന്നത്. ഞായറാഴ്ചയാണ് ഫൈനൽ.