തിരുവനന്തപുരം: തൃക്കണ്ണാപുരം വാർഡിൽ സീറ്റ് നിഷേധിച്ചതിൽ മനംനൊന്ത് ജീവനൊടുക്കിയ ആർ.എസ്.എസ്. പ്രവർത്തകൻ ആനന്ദ് കെ. തമ്പി സുഹൃത്തുമായി നടത്തിയ നിർണായക ഫോൺ സംഭാഷണം പുറത്തുവന്നു. തനിക്കെതിരെ പ്രവർത്തിച്ചവർക്കെതിരെ ശക്തമായ പോരാട്ടം പ്രഖ്യാപിക്കുന്നതും കടുത്ത സമ്മർദ്ദം നേരിട്ടതിനെക്കുറിച്ചും സംഭാഷണത്തിൽ ആനന്ദ് വെളിപ്പെടുത്തുന്നുണ്ട്.(Those who insulted will not be spared, Phone conversation of RSS worker who committed suicide revealed)
"രണ്ടും കൽപ്പിച്ചാണ് മത്സരിക്കാൻ തീരുമാനിച്ചത്. തന്നെ അപമാനിച്ചവരെ വെറുതെ വിടില്ല, സംഘടനക്ക് വേണ്ടി എല്ലാം നൽകി. എത്ര കൊമ്പനായാലും പോരാടും," അദ്ദേഹം പറയുന്നു. സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് പലയിടത്തുനിന്നും കടുത്ത സമ്മർദ്ദം നേരിട്ടതായും ആനന്ദ് സംഭാഷണത്തിൽ പറയുന്നുണ്ട്.
അതേസമയം, ആനന്ദിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സീറ്റ് നിഷേധിച്ചതിലെ മനോവിഷമത്തെത്തുടർന്നാണ് ആത്മഹത്യ എന്നാണ് പോലീസ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം, ആനന്ദ് കെ. തമ്പിയുടെ പോസ്റ്റ്‌മോർട്ടം നടപടികൾ അൽപ്പസമയത്തിനകം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കും. ആത്മഹത്യാക്കുറിപ്പിൽ പേരെടുത്തുപറഞ്ഞ പ്രാദേശിക നേതാക്കളുടെ മൊഴിയെടുക്കുന്നതടക്കമുള്ള കൂടുതൽ അന്വേഷണങ്ങളിലേക്ക് പോലീസ് കടക്കും.