
ദിവസം ചെല്ലുന്തോറും ബിഗ് ബോസ് മലയാളം സീസൺ ഏഴിൽ സംഭവ ബഹുലമായ കാര്യങ്ങളാണ് നടക്കുന്നത്. ഷോ ആരംഭിച്ച് നാല് ആഴ്ച പിന്നിട്ടപ്പോഴാണ് വീട്ടിലേക്ക് പുതിയ അഞ്ച് വൈൽഡ് കാർഡുകാർ എത്തിയത്. ജിഷിൻ, സാബുമാൻ, വേദ് ലക്ഷ്മി, പ്രവീൺ, മസ്താനി എന്നിവരാണ് എത്തിയത്. വന്നതിനു പിന്നാലെ വീട്ടിൽ മറ്റ് മത്സരാർത്ഥികൾക്ക് എട്ടിന്റെ പണിയാണ് ഇവർ കൊടുക്കുന്നത്. എന്നാൽ കഴിഞ്ഞ ദിവസം വൈൽഡ് കാർഡുകാർക്കെതിരെ അനീഷ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
"കയറി വന്നത് നട്ടെല്ലില്ലാത്തവർ. പുതുതായി എന്തെങ്കിലും പറയാനോ ചെയ്യാനോ ഇല്ലാത്തവർ" - എന്നാണ് ലക്ഷ്മി, മസ്താനി, ജിഷിൻ എന്നിവർ നിന്നപ്പോൾ അനീഷ് ഉറക്കെ പറഞ്ഞത്. എന്നാൽ അനീഷിന്റെ പരാമർശം ഇവരെ ചൊടിപ്പിച്ചു. ഇതോടെ അനീഷിനെതിരെ ഇവർ തിരിയുന്നതും കാണാം. വേദ് ലക്ഷ്മിയാണ് ആദ്യം പ്രതികരിച്ചത്. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് വേദ് ലക്ഷ്മി പറഞ്ഞു. പിന്നാലെ "ആദ്യം പോയി ആണാവടോ. നട്ടെല്ല് വച്ചിട്ട് വാ. അനീഷിന്റെ ലൈഫ് പുറത്തുവരുമെന്ന പേടിയാണോ അനീഷേ?" എന്ന് മസ്താനി പറഞ്ഞു. എന്നാൽ, കേറി വന്ന അഞ്ച് പേരെ പോലെ ഞാൻ അത്ര ചീപ്പല്ല, എന്ന് അനീഷ് പറയുന്നുണ്ട്.
'വെറുതെയല്ല ആ പെണ്ണ് ഇട്ടിട്ട് പോയത്' എന്നായിരുന്നു അനീഷിനോട് ജിഷിൻ പറഞ്ഞത്. എന്നാൽ ഇതോടെ ജിഷിനെതിരെ തിരിഞ്ഞ് വേദ് ലക്ഷ്മി രംഗത്തെത്തി, 'താൻ ഡിവോഴ്സ് അല്ലേ?' എന്ന് ലക്ഷ്മി, ജിഷിനോട് ചോദിച്ചു. ഇതിനു പിന്നാലെ വ്യക്തിപരമായ കാര്യങ്ങൾ വലിച്ചിടരുതെന്ന് പറഞ്ഞ് മറ്റുള്ളവരും ജിഷിനെതിരെ തിരിഞ്ഞു.