
ബിഗ് ബോസ് വീട്ടിൽ കഴിഞ്ഞ ദിവസം ലെസ്ബിയൻ കപ്പിളായ ആദിലയേയും നൂറേയയും കുറിച്ച് സഹമത്സരാർത്ഥി ലക്ഷ്മി പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾക്കും ചർച്ചകൾക്കും ഇടയാക്കിയിരുന്നു. ലെസ്ബിയൻ കപ്പിൾസിനെ സമൂഹത്തിൽ നോർമലൈസ് ചെയ്യുന്നതിനോട് തനിക്ക് താൽപര്യമില്ലെന്നാണ് ലക്ഷ്മി പറഞ്ഞത്. ഇതിനു പുറമെ നിന്റെയൊക്കെ വീട്ടിൽ പോലും കയറ്റാൻ കൊള്ളത്തവളുമാരല്ലേയെന്ന് അക്ബറിനോട് ലക്ഷ്മി പറയുകയും ചെയ്തിരുന്നു.
ഇത് ചോദ്യം ചെയ്ത മോഹൻലാലിനോട്, അക്ബറിന്റെ ഉമ്മ ആദിലയോടും നൂറയോടും കൂട്ടുകൂടേണ്ടെന്ന് പറഞ്ഞുവെന്നും ലക്ഷ്മി പറഞ്ഞിരുന്നു. ഇതോടെ അക്ബറിന്റെ ഉമ്മ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ച വിഷയമാകുന്നത്. ആദിലയോടും നൂറയോടും കൂട്ടുകൂടരുതെന്ന് താൻ മകനോട് പറഞ്ഞിട്ടില്ലെന്നും തന്റെ വാക്കുകൾ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും അക്ബറിന്റെ ഉമ്മ വീഡിയോയിൽ പറയുന്നു.
തനിക്ക് ആ മക്കളും അക്ബറും ഒരുപോലെയാണ്. തന്റെ മോന്റെ കൂടെ അവരും ഈ വീട്ടിലേക്ക് വരുമെന്ന് വിശ്വസിക്കുന്നുവെന്നും അക്ബറിന്റെ ഉമ്മ പറയുന്നു. "താൻ കുറച്ച് നാളുകൾക്ക് മുൻപ് ഫോണിൽ വിളിച്ചിരുന്നുവെന്നും അന്ന് സംസാരിക്കുന്നതിനിടെ ആരോടും കൂട്ട് കൂടി കളിക്കേണ്ടതില്ലെന്ന് പറഞ്ഞു. പക്ഷെ അത് ഇപ്പോൾ ആദിലയോടും നൂറയോടും കൂട്ട് കൂടി കളിക്കണ്ട എന്ന സ്റ്റേറ്റ്മെന്റായാണ് വന്നിരിക്കുന്നത്. എങ്ങനെയാണ് അത് അങ്ങനെ വന്നതെന്ന് തനിക്ക് അറിയില്ല." - എന്നാണ് ഉമ്മ പറയുന്നത്.
"കഴിഞ്ഞ ദിവസം ലാലേട്ടന്റെ ഏപ്പിസോഡ് കണ്ടപ്പോഴാണ് മനസിലായത് പ്രേക്ഷകർ തന്നെ ഇപ്പോഴും തെറ്റിദ്ധരിച്ചിരിക്കുകയാണെന്ന്. ലക്ഷ്മി കഴിഞ്ഞ ദിവസം പറയുന്നതും കേട്ടു, അക്ബറിന്റെ ഉമ്മ അങ്ങനെ പറഞ്ഞുവെന്ന്. ആ തെറ്റിദ്ധാരണ മാറ്റാനാണ് താൻ വീഡിയോയിൽ വന്നത്. എല്ലാവരെയും സ്നേഹിക്കാനെ താൻ പഠിച്ചിട്ടുള്ളു. തന്റെ മോനെയും താൻ അതേ പഠിപ്പിച്ചിട്ടുള്ളു. എല്ലാവരും എല്ലാവരേയും സ്നേഹിക്കുക." - എന്നാണ് അക്ബറിന്റെ ഉമ്മ പറയുന്നത്.