തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ.സി.പിയുടെ സിറ്റിങ് സീറ്റുകളിൽ നിലവിലെ എം.എൽ.എമാർ തന്നെ മത്സരിക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ തോമസ് കെ. തോമസ്. എന്നാൽ ശരദ് പവാറുമായി നടത്തിയ കൂടിക്കാഴ്ചയിൽ തിരഞ്ഞെടുപ്പ് ചർച്ചയായില്ലെന്ന് പി.സി. ചാക്കോയും എ.കെ. ശശീന്ദ്രനും പ്രതികരിച്ചതോടെ പാർട്ടിയിലെ ആഭ്യന്തര തർക്കം വീണ്ടും സജീവമായി.(Thomas K Thomas says sitting MLAs will contest, PC Chacko and AK Saseendran says it wasn't discussed)
കുട്ടനാട്ടിൽ താനും എലത്തൂരിൽ എ.കെ. ശശീന്ദ്രനും തന്നെ വീണ്ടും മത്സരിക്കുമെന്ന് ശരദ് പവാർ നിർദ്ദേശം നൽകിയതായി തോമസ് കെ. തോമസ് അവകാശപ്പെട്ടു. കുട്ടനാട് സീറ്റ് സി.പി.എമ്മിന് വിട്ടുകൊടുക്കുമെന്ന പ്രചാരണം അദ്ദേഹം തള്ളി. എൻ.സി.പിയുടെ സിറ്റിങ് സീറ്റ് ആർക്കും വിട്ടുകൊടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിൽ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് മാറ്റമുണ്ടാകില്ലെന്നും പവാർ ഇത്തരമൊരു നിർദ്ദേശം നൽകിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പ് സംബന്ധിച്ചോ സ്ഥാനാർത്ഥിത്വം സംബന്ധിച്ചോ പവാറുമായി യാതൊരു ചർച്ചയും നടന്നിട്ടില്ലെന്ന് പി.സി. ചാക്കോയും എ.കെ. ശശീന്ദ്രനും പറഞ്ഞു.
പാർട്ടിയിലെ സംഘടനാപരമായ കാര്യങ്ങളും വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പും മാത്രമാണ് യോഗത്തിൽ ചർച്ചയായതെന്ന് ഇരുവരും വ്യക്തമാക്കി. തിരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ടല്ലോ എന്നായിരുന്നു ശശീന്ദ്രന്റെ പ്രതികരണം. നേരത്തെ മന്ത്രിസ്ഥാനം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് എൻ.സി.പിയിൽ വലിയ തർക്കങ്ങൾ നിലനിന്നിരുന്നു.