

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഭരണകാലത്ത് സാമൂഹിക ക്ഷേമ പെൻഷൻ കുടിശ്ശിക ഉണ്ടായിരുന്നില്ലെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റെ അവകാശവാദത്തിന് മറുപടിയുമായി മുൻ ധനമന്ത്രി ഡോ. തോമസ് ഐസക് രംഗത്ത്. ഉമ്മൻചാണ്ടി സർക്കാരിൻ്റെ കാലത്ത് കുടിശ്ശിക ഇല്ലെന്ന് താൻ നിയമസഭയിൽ പറഞ്ഞുവെന്ന സതീശൻ്റെ വാദം തെറ്റാണെന്നും, ഇത് തെളിവുകൾ സഹിതം പലവട്ടം താൻ തിരുത്തിപ്പറഞ്ഞിട്ടുണ്ടെന്നും തോമസ് ഐസക് വ്യക്തമാക്കി.(Thomas Isaac replies to VD Satheesan about the issue regarding pension )
നിയമസഭയിൽ താൻ അങ്ങനെ പറഞ്ഞിട്ടില്ല, അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ തന്നെ, അതിനുശേഷം എത്രയോവട്ടം അത് തിരുത്തിപ്പറഞ്ഞിരിക്കുന്നു. തെളിവടക്കം പ്രസ്താവനകളും ഇറക്കിയിരിക്കുന്നു. സതീശനും കൂട്ടരും എന്നാണ് ഇനി അത് തിരിച്ചറിയുക എന്നും അദ്ദേഹം ചോദിച്ചു.
എൽ.ഡി.എഫ്. 2016-ൽ അധികാരത്തിൽ വരുമ്പോൾ കുടിശ്ശികയുടെ അളവിൽ ഒരു വ്യക്തതയുമുണ്ടായിരുന്നില്ല. പുതിയ സർക്കാർ ഓണത്തിന് കുടിശ്ശിക തീർക്കാൻ തീരുമാനിച്ചെങ്കിലും, പരമാവധി ₹15,000 രൂപയേ ഉടൻ കൊടുക്കൂ എന്ന് പരിധി നിശ്ചയിച്ചു. അന്നത്തെ പെൻഷൻ തുക ₹600 ആയിരുന്നു.
25 മാസത്തെ വരെ കുടിശ്ശിക കൊടുക്കാൻ പഞ്ചായത്ത് ഡയറക്ടർക്കും വിവിധ ക്ഷേമനിധികൾക്കും അനുവാദം നൽകി. ക്ഷേമ പെൻഷൻ കുടിശ്ശിക ഇനത്തിൽ ആകെ ₹1,473 കോടി രൂപയാണ് കൊടുത്തുതീർത്തത്.
അന്ന് മൊത്തം ക്ഷേമ പെൻഷൻകാരുടെ എണ്ണം 34 ലക്ഷമായിരുന്നു. ഇതിൽ 75% പേർക്ക് കുടിശ്ശിക ഉണ്ടായിരുന്നുവെന്ന് കണക്കാക്കുകയാണെങ്കിൽ പോലും, ഓരോരുത്തർക്കും 10 മാസത്തിലേറെ കുടിശ്ശികയുണ്ടായിരുന്നു.
യു.ഡി.എഫ്. ഭരണകാലത്തെ പെൻഷൻ വിതരണത്തെക്കുറിച്ചുള്ള 2016-ലെ സി.എ.ജി. (C&AG) റിപ്പോർട്ടാണ് മൂന്നാമത്തെ തെളിവ്. സാമ്പിളായി പഠിച്ച 32 തദ്ദേശഭരണ സ്ഥാപനങ്ങളിലും കുടിശ്ശികയുണ്ടായിരുന്നു. ഉദാഹരണത്തിന്, കോഴിക്കോട് കോർപ്പറേഷനിൽ 2013 സെപ്റ്റംബർ മുതലും പാപ്പിനിശ്ശേരി പഞ്ചായത്തിൽ 2014 ഏപ്രിൽ മുതലുമാണ് കുടിശ്ശിക ഉണ്ടായിരുന്നത്.
2016 ഓണത്തിന് ₹15,000 വരെ കുടിശ്ശിക തീർത്തുകിട്ടിയപ്പോൾ ആഹ്ലാദിക്കുന്ന പാവപ്പെട്ടവരെക്കുറിച്ചുള്ള പത്രറിപ്പോർട്ടുകളും, അവർ ഒപ്പിട്ട് കാശ് വാങ്ങിയ രസീതുകളും ഇന്ന് പൊതുമണ്ഡലത്തിലുണ്ട്. "ദയവ് ചെയ്ത് പാവങ്ങളുടെ ഓർമ്മകളെ ഇനിയും അപഹസിക്കരുത്," എന്ന് പറഞ്ഞുകൊണ്ടാണ് തോമസ് ഐസക് തൻ്റെ കുറിപ്പ് അവസാനിപ്പിച്ചത്.