തിരുവനന്തപുരം : കെഎസ്ആർടിസി ജീവനക്കാർക്ക് ഈ മാസത്തെ ശമ്പളവും ഒന്നാം തീയതിക്ക് മുമ്പേ അക്കൗണ്ടുകളിലെത്തി. ജീവനക്കാരുടെ അക്കൗണ്ടുകളില്‍ 31-ന് തന്നെ ശമ്പളം എത്തിയെന്നും ഫെസ്റ്റിവല്‍ അലവന്‍സും ബോണസും തിങ്കളാഴ്ച വിതരണം ചെയ്യുമെന്നും ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ പറഞ്ഞു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ അറിയിച്ചത്.
മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്..
പ്രിയപ്പെട്ട കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഈ മാസവും ഒന്നാം തീയതിക്ക് മുന്നേ (ആഗസ്റ്റ് 31-ന്) ശമ്പളം അവരവരുടെ അക്കൗണ്ടുകളില്‍ എത്തിയിട്ടുണ്ട്. ജീവനക്കാര്‍ക്ക് ഞാന്‍ വാക്ക് നല്‍കിയ ഫെസ്റ്റിവല്‍ അലവന്‍സും ബോണസും നാളെ വിതരണം ചെയ്യും. ഓണമല്ലേ, നിങ്ങള്‍ ആഘോഷിക്കാതെ ഞങ്ങള്‍ക്ക് എന്ത് ആഘോഷം. ആഘോഷിക്കൂ കെഎസ്ആര്‍ടിസിക്കൊപ്പം'.
ഓണം ബോണസായി 3000 രൂപയാണ് വിതരണം ചെയ്യുക. പൊതുമേഖല സ്ഥാപനങ്ങളിലെയും കോർപറേഷനുകളിലെയും ഉത്സവബത്ത സംസ്ഥാന സർക്കാർ വർധിപ്പിച്ചതിനാൽ മുൻവർഷത്തേക്കാൾ 250 രൂപ കൂട്ടിയാണ് തുക അനുവദിക്കുന്നത്.