
തിരുവനന്തപുരം: സംസാരിക്കുന്നതിന് സമയം അനുവദിക്കുന്നതിനെ ചൊല്ലി നിയമസഭയിൽ സ്പീക്കർ എ.എൻ. ഷംസീർ- മാത്യു കുഴൽനാടൻ വാക്പോര്. ചോദ്യം മുഴുവൻ ചോദിക്കാൻ സമയം വേണമെന്ന മാത്യു കുഴൽ നാടന്‍റെ ആവശ്യത്തോട് പ്രസംഗം നടത്താൻ അനുവദിക്കില്ലെന്ന് സ്പീക്കർ പറഞ്ഞു. ചോദ്യോത്തരവേളയിൽ മാത്യു കുഴൽനാടൻ ധനമന്ത്രി കെ.എൻ. ബാലഗോപാലിനോട് ചോദ്യമുന്നയിക്കുന്ന വേളയിൽ ചോദ്യം 30 സെക്കൻഡിനുള്ളിൽ തീർക്കണമെന്ന ഷംസീറിന്‍റെ നിർദേശമാണ് ഇരുവരും തമ്മിലുള്ള ഉടക്കിലേക്ക് വഴിവെച്ചത്.
45 സെക്കൻഡ് വരെ അംഗങ്ങൾക്ക് ചോദ്യം ചോദിക്കാൻ നൽകുന്നുണ്ട്. കുഴൽനാടന് കൂടുതൽ ചോദ്യം ചോദിക്കണമെങ്കിൽ വേറെ സമയത്ത് ആകാമെന്നും ചോദ്യോത്തരവേളയിൽ സമയം പാലിക്കണമെന്നും സ്പീക്കർ നിർദേശിച്ചു. എന്നാൽ, മന്ത്രി പറഞ്ഞതിലെ തെറ്റ് ചൂണ്ടിക്കാണിക്കുകയാണ് ചെയ്തതെന്ന് കുഴൽനാടൻ പറഞ്ഞെങ്കിലും സ്പീക്കർ വഴങ്ങിയില്ല.