കൊച്ചി: പങ്കാളിയെ ക്രൂരമായി മർദിച്ചെന്ന പരാതിയിൽ യുവമോർച്ച എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി ഗോപു പരമശിവനെ പോലീസ് കസ്റ്റഡിയിലെടുത്തു. മൊബൈൽ ചാർജർ കേബിൾ ഉപയോഗിച്ചായിരുന്നു മർദനമെന്നും വധഭീഷണിയുണ്ടായിരുന്നെന്നും പങ്കാളിയായ യുവതി മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഗോപുവിൽ നിന്ന് ജീവൻ രക്ഷിക്കാനാണ് വീട്ടിൽ നിന്ന് ഇറങ്ങിപ്പോന്നതെന്നും യുവതി പറഞ്ഞു.(This is to save my life, Woman against Yuva Morcha leader)
ദേഹം മുഴുവൻ മർദനമേറ്റ പാടുകളുമായാണ് യുവതി ഇന്ന് രാവിലെ മരട് പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയത്. ഇരുവരും കഴിഞ്ഞ അഞ്ച് വർഷമായി ഒരുമിച്ചാണ് താമസിച്ചിരുന്നത്. ഗോപുവിനെതിരെ വധശ്രമത്തിന് (IPC 307) കേസെടുത്ത് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്.
കഴിഞ്ഞ അഞ്ച് വർഷമായി അതിക്രൂരമായ മർദനമാണ് ഗോപുവിൽ നിന്ന് നേരിടുന്നതെന്ന് യുവതി പോലീസിന് മൊഴി നൽകി. പുറത്ത് പോകാൻ സമ്മതിക്കാതെ വീട്ടിൽ പൂട്ടിയിടും. പുറത്തുപോയി തിരികെ വീട്ടിലെത്തിയാൽ ക്രൂരമായി മർദിക്കും. മൊബൈൽ ചാർജർ പൊട്ടുന്നത് വരെ അടിക്കുന്നതാണ് ഇയാളുടെ രീതി. യുവതിയുടെ ദേഹം മുഴുവൻ രക്തം കട്ടപിടിച്ച പാടുകളുണ്ട്.
വിവാഹബന്ധം വേർപെടുത്തിയ യുവതിയുടെ ആദ്യവിവാഹത്തിലെ കുട്ടികളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. നേരത്തെ, യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് ഗോപു പരമശിവൻ മരട് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിനെത്തുടർന്ന് പോലീസ് ആവശ്യപ്പെട്ടതനുസരിച്ചാണ് യുവതി ഇന്ന് രാവിലെ സ്റ്റേഷനിൽ എത്തിയത്. വൈദ്യപരിശോധനയ്ക്ക് കൊണ്ടു പോകുന്നതിനിടെയാണ് യുവതി മാധ്യമങ്ങളോട് പ്രതികരിച്ചത്.