തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കണ്ണൂരിൽ സി.പി.എമ്മിന്റെ നേതൃത്വത്തിൽ വ്യാപകമായ അക്രമങ്ങൾ നടക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. പോലീസിനെ നിഷ്ക്രിയമാക്കി അക്രമികൾ അഴിഞ്ഞാടുകയാണെന്നും അദ്ദേഹം പറഞ്ഞു.(This is not the first parody song in Kerala, says VD Satheesan)
പയ്യന്നൂരിലും പാനൂരിലും ബോംബും വടിവാളുകളുമായി അക്രമിസംഘങ്ങൾ അഴിഞ്ഞാടുകയാണ്. മുഖ്യമന്ത്രിയുടെ സ്വന്തം ഗ്രാമത്തിൽ ബോംബ് നിർമ്മാണത്തിനിടെയുണ്ടായ സ്ഫോടനത്തെ പടക്കം പൊട്ടിയതെന്ന് പറഞ്ഞ് ലഘൂകരിക്കാനാണ് പോലീസ് ശ്രമിക്കുന്നത്. മഹാത്മാഗാന്ധിയുടെയും ഇന്ദിരാഗാന്ധിയുടെയും പ്രതിമകൾ വികൃതമാക്കുന്ന ഹീനമായ നടപടിയാണ് സി.പി.എം സ്വീകരിക്കുന്നത്. തോൽവിയുണ്ടാക്കിയ നിരാശയിൽ പ്രവർത്തകരെ ആക്രമിക്കാൻ വിട്ടുകൊടുക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
സ്വന്തം നാട്ടിൽ പാർട്ടി പ്രവർത്തകർ ബോംബ് നിർമ്മിക്കുമ്പോൾ മുഖ്യമന്ത്രി അതിന് കൂട്ടുനിൽക്കുകയാണ്. ഈ സ്ഥാനത്തിരിക്കാൻ അദ്ദേഹം യോഗ്യനല്ലെന്നും സതീശൻ പറഞ്ഞു. 'പോറ്റിയെ കേറ്റിയെ' എന്ന പാരഡി ഗാനത്തിനെതിരെയുള്ള സി.പി.എം പരാതിയെ അദ്ദേഹം പരിഹസിച്ചു.
11 വർഷം മുൻപ് ഇതേ അയ്യപ്പ ഭക്തിഗാനം വെച്ച് സി.പി.എം പാരഡി ഗാനം ഉണ്ടാക്കിയിട്ടുണ്ട്. കെ. കരുണാകരനെ പരിഹസിക്കാനായിരുന്നു അന്ന് അത് ഉപയോഗിച്ചത്. പാരഡി ഗാനം കേരളത്തിൽ ആദ്യമായല്ല. ഇപ്പോഴത്തെ ഗാനത്തിനെതിരെ കേസെടുക്കാൻ ശ്രമിക്കുന്നത് ബി.ജെ.പിയേക്കാൾ കടുത്ത സമീപനമാണ്. ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് കടകംപള്ളി സുരേന്ദ്രനെതിരെ നടത്തിയ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നതായും സതീശൻ വ്യക്തമാക്കി. സത്യാവസ്ഥ അറിയാവുന്നതുകൊണ്ടാണ് കടകംപള്ളിയെ പറ്റി പറഞ്ഞ കാര്യങ്ങൾ ആവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.