

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായുള്ള ചുമതല ഏറ്റെടുക്കുന്നതില്‍ സന്തോഷം മാത്രമെന്ന് കെ ജയകുമാര്‍. ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ലെന്നും സര്‍ക്കാര്‍ തീരുമാനം വാര്‍ത്തകളിലൂടെയാണ് അറിഞ്ഞതെന്നും ജയകുമാര്‍.
അത് ചെറിയ വെല്ലുവിളിയല്ല. ഇതിനോടകം അതിന് തയ്യാറെടുപ്പുകള്‍ നടക്കുന്നുണ്ട്. അതിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കണം.തീർത്ഥാടനം ഭംഗിയാക്കുക എന്നതാണ്, തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആസ്ഥാനം ശബരിമല അല്ല, ശബരിമലയില്‍ ഉണ്ടായ പ്രശ്നങ്ങൾ കാരണം ആളുകൾ പല ചിന്തയിലാണ് വരുന്നത്. ഇവിടെ എല്ലാം കാര്യങ്ങൾ നന്നാണ് എന്നുറപ്പ് വരുത്തണം, വിശ്വാസികളുടെ വിശ്വാസത്തെയും കാത്തുരക്ഷിക്കണം. കേസും അന്വേഷണവും അതിന്റെ നേരായ വഴിയ്ക്ക് മുന്നോട്ടുപോകുമെന്നും ജയകുമാര്‍ പറഞ്ഞു.
കെ ജയകുമാർ ദേവസ്വം ബോർഡ് പ്രസിഡന്റായേക്കുമെന്നാണ് നിലവില്‍ സൂചന. അന്തിമ തീരുമാനം നാളെയുണ്ടാകും. മുഖ്യമന്ത്രിയടക്കമുള്ളവരുടെ നിർദേശപ്രകാരമാണ് കെ ജയകുമാറിന്റെ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് പേര് നിർദേശിച്ചത്. സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് സർക്കാർ വലിയ രീതിയുലുള്ള പ്രതിരോധത്തിൽ നിൽക്കുകയാണ്. ഈ സമയത്താണ് കൂടുതൽ സ്വീകാര്യനായ മുൻ ചീഫ് സെക്രട്ടറിയും ബഹുമുഖ പ്രതിഭയുമായ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനെ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരുന്നത്.