തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക ദിശ നിർണ്ണയിക്കുന്ന 2026-27 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരണത്തിനായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിലേക്ക്. ബജറ്റ് അവതരണത്തിന് മുന്നോടിയായി ഉദ്യോഗസ്ഥരിൽ നിന്ന് ബജറ്റ് രേഖകൾ അടങ്ങിയ പെട്ടി ഏറ്റുവാങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ, ഇത് വെറുമൊരു സ്വപ്ന ബജറ്റല്ലെന്നും എല്ലാവർക്കും ഇഷ്ടപ്പെടുന്ന രീതിയിലുള്ള പ്രായോഗികമായ ഒന്നായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.(This is not a dream budget, this is a practical budget, Finance Minister with optimism)
ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ബജറ്റായിരിക്കില്ല ഇത്. മറിച്ച്, നടപ്പിലാക്കാൻ സാധിക്കുന്ന പ്രായോഗിക പദ്ധതികൾക്കാണ് ഊന്നൽ നൽകിയിരിക്കുന്നത്. കഴിഞ്ഞ ബജറ്റുകളിലെ നല്ല വശങ്ങൾ തുടരും. കേരളത്തിന്റെ വികസനത്തെ മുന്നോട്ട് കൊണ്ടുപോകുന്നതും നല്ലൊരു നാടിനെ പടുത്തുയർത്താൻ സഹായിക്കുന്നതുമായ ഒരു സമ്പൂർണ്ണ ബജറ്റായിരിക്കുമിത്.
സാധാരണക്കാരുടെ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നതിനൊപ്പം കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള പദ്ധതികളും ബജറ്റിലുണ്ടാകും. വിദേശത്തേക്ക് ആളുകൾ പോകുമ്പോഴും കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് അത് ഗുണകരമാകുന്ന രീതിയിൽ മാറ്റങ്ങൾ വരണം. സംസ്ഥാനത്തിന് സ്വന്തം കാലിൽ നിൽക്കാൻ സഹായിക്കുന്ന പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.
രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റും കെ.എൻ. ബാലഗോപാലിന്റെ തുടർച്ചയായ ആറാമത്തെ ബജറ്റുമാണ് ഇന്ന് അവതരിപ്പിക്കുന്നത്. ബജറ്റ് രേഖകളുമായി ധനമന്ത്രി ഉടൻ നിയമസഭയിലെത്തും. രാവിലെ ഒൻപത് മണിക്ക് സഭയിൽ ബജറ്റ് അവതരണം ആരംഭിക്കും. തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കേ, ക്ഷേമ പെൻഷൻ വർദ്ധനവ്, ശമ്പള പരിഷ്കരണം, അഷ്വേർഡ് പെൻഷൻ തുടങ്ങിയ ജനപ്രിയ പ്രഖ്യാപനങ്ങൾ ഈ 'പ്രായോഗിക ബജറ്റിൽ' മന്ത്രി കരുതിയിട്ടുണ്ടോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്.