
കേരളീയരുടെ ഹൃദയത്തിന്റെയും ആത്മാവിന്റെയും പ്രതീകമാണ് തിരുവോണം. ഒരു വർഷത്തിലെ പന്ത്രണ്ടു മാസങ്ങളിലുടനീളം മലയാളികൾ ഏറെ കാത്തിരിക്കുന്നത് ഈ ഒരു ദിവസത്തിനായാണ്. ചിങ്ങത്തിലെ അത്തത്തിൽ തുടങ്ങും ആഘോഷങ്ങൾ. കൃത്യം പത്താം നാൾ ആഘോഷങ്ങളും ആർപ്പുവിളികളും അതിന്റെ ഉച്ചസ്ഥായിയിൽ എത്തുന്നു. മാനുഷ്യർ ഒന്നായി ജീവിച്ച നല്ലനാളയുടെ ഓർമ്മകൾ പുതുക്കി കൊണ്ട് ഇന്ന് തിരുവോണം. ഒത്തുചേരലിന്റേയും ഓര്‍മപ്പെടുത്തലിന്റേയും ദിനം കൂടിയാണ് ഇന്ന്.
ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് ഓണം ആഘോഷിക്കുകയാണ്. വീട്ടുമുറ്റങ്ങൾ അത്തപ്പൂക്കളത്തിന്റെ വർണ്ണപൊലിമയിൽ നിറയുമ്പോൾ എങ്ങും ഉയരുക സമ്പൽ സമൃദ്ധിയുടെ പൂവിളികൾ മാത്രം. ജാതിയോ മതമോ ദേശമോ വേഷമോ ജീവിതാവസ്ഥയോ ഇല്ലാതെ എല്ലാ മനുഷ്യരും ഒന്നായി ചേർന്ന് നിൽക്കുന്ന ദിവസം. കുടുംബത്തിലെ ചെറുപ്പക്കാർ മുതൽ മുതിർന്നവർവരെ എല്ലാവരും ഒന്നിച്ചുകൂടി അത്തപൂക്കളവും ഓണസദ്യയും ഒരുക്കി മഹാബലി തമ്പുരാനെ വരവേൽക്കുന്നു. ജാതിമതഭേദമന്യേ പ്രായപരിധികൾ ഇല്ലാതെ എല്ലാമനുഷ്യരും മാവേലിയെ ഒരുപോലെ വരവേൽക്കുന്നു. ഉത്രാടനാളിലെ ഒരുക്കങ്ങൾ പൂർണ്ണതയിലെത്തുന്നു തിരുവോണപ്പുലരിയിലാണ്. പാടത്തും പറമ്പിലും സ്വര്‍ണ്ണം വിളയിക്കുന്ന കര്‍ഷകര്‍ക്ക് ഓണം വിളവെടുപ്പിന്റെ ഉത്സവം കൂടിയാണ്. ഓണം എന്ന് പറയുമ്പോൾ ഓണസദ്യയെ മറക്കാനാവില്ല. തൂശനിലയിൽ ചൂടു ചോറും കറികളും പായസവും പപ്പടവും, എല്ലാം കൂടി ചേർന്ന് രുചിയുടെ ഒരു മേളം തന്നെയാണ്. അത്തം, വള്ളം കളി, പുലിക്കളി, തിരുവാതിരക്കളി, കൈകൊട്ടികളിയും ഇല്ലാതെ എന്ത് ഓണം.
മാനുഷരെല്ലാം ഒന്നുപോലെ ആയിരുന്നു കാലത്തെ ചക്രവർത്തിയായിരുന്നു മഹാബലി. ജനങ്ങളെ ഒരുപോലെ സ്നേഹിച്ച മഹാബലി തമ്പുരാന്റെ ഭരണകാലത്തിന്റെ ഓർമ്മയാണ് ഓണക്കാലം. ഒരുമയുടെയും ഒത്തുചേരലിന്റെയും ആഘോഷം കൂടിയാണ് ഓണം. ഒന്നും ഒന്നിനോടും ചെറുതല്ല, എല്ലാരും തുല്യർ എന്ന സന്ദേശത്തിൽ ഊന്നൽ നൽകി കൊണ്ട് കടന്നു വരുന്ന ഓരോ തിരുവോണദിനവും, മതത്തിനും വംശത്തിനും അതീതമായി മലയാളികളുടെ ഐക്യത്തിന്റെയും സംസ്കാരത്തിന്റെയും പ്രതീകമാണ്.