

തിരുവനന്തപുരം: തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതിയുടെ ആദ്യഘട്ട അലൈൻമെൻ്റിന് മുഖ്യമന്ത്രിയുടെ അംഗീകാരം ലഭിച്ചതിന് പിന്നാലെ, പദ്ധതിയുടെ ചുമതലയുള്ള കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ.) വിശദമായ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ.) തയ്യാറാക്കുന്ന നടപടികളിലേക്ക് കടക്കുന്നു.
കെ.എം.ആർ.എൽ. തയ്യാറാക്കുന്ന ഡി.പി.ആർ. പ്രകാരമായിരിക്കും കേരളം അനുമതിക്കായി കേന്ദ്ര സർക്കാരിനെ സമീപിക്കുക. വിവിധ സംസ്ഥാനങ്ങളിൽ മെട്രോ അനുവദിക്കുന്നതിനാൽ കേന്ദ്രാനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സർക്കാർ.തുടക്കത്തിൽ ലൈറ്റ് മെട്രോയാണ് പരിഗണിച്ചിരുന്നതെങ്കിലും, നഗരത്തിൻ്റെ പ്രത്യേകതകൾ കണക്കിലെടുത്ത് നിലവിൽ മെട്രോ റെയിൽ പദ്ധതിയിലേക്ക് മാറുകയായിരുന്നു.
തലസ്ഥാന നിവാസികളുടെ പതിറ്റാണ്ടുകളായുള്ള സ്വപ്നം യാഥാർഥ്യമാക്കുന്നതിലേക്കുള്ള നിർണായക ചുവടുവെപ്പായാണ് സംസ്ഥാനത്തെ സെക്രട്ടറി തല സമിതി നൽകിയ അംഗീകാരത്തെ സർക്കാർ കാണുന്നത്.
ദൈർഘ്യം: 31 കിലോമീറ്റർ.
സ്റ്റേഷനുകൾ: 27 സ്റ്റേഷനുകളാണ് വിഭാവനം ചെയ്തിരിക്കുന്നത്.
റൂട്ട്: പാപ്പനംകോട് നിന്ന് ആരംഭിച്ച് ഈഞ്ചക്കലിൽ അവസാനിക്കും.
പ്രധാന കേന്ദ്രങ്ങൾ: ടെക്‌നോപാർക്കിന്റെ മൂന്ന് ഫേസുകൾ, വിമാനത്താവളം, തമ്പാനൂർ ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, സെക്രട്ടറിയേറ്റ്, മെഡിക്കൽ കോളേജ് എന്നിവയെ ബന്ധിപ്പിച്ചാണ് ആദ്യഘട്ട അലൈൻമെൻ്റ്.
അതേസമയം , തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, വമ്പൻ പ്രഖ്യാപനങ്ങളിലൂടെ വികസനം ചർച്ചയാക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് പ്രതിപക്ഷം വിമർശിച്ചു.പദ്ധതിക്കായി ഇതുവരെ കാര്യമായി ഒന്നും ചെയ്യാത്ത സർക്കാർ ഇപ്പോൾ നടത്തുന്നത് 'തട്ടിപ്പ് പ്രഖ്യാപനമാണ്' എന്ന വിമർശനവും പ്രതിപക്ഷം ഉയർത്തിക്കഴിഞ്ഞു. പദ്ധതിച്ചെലവ് ഉൾപ്പെടെയുള്ള പല കാര്യങ്ങളിലും ആശങ്ക നിലനിൽക്കുന്നുണ്ട്.