

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യത്തെ മെഡിക്കൽ കോളേജായ തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് നവംബർ 27-ന് എഴുപത്തിയഞ്ചാം വർഷത്തിലേക്ക് കടന്നു. 1951-ൽ സ്ഥാപിതമായ ഈ സ്ഥാപനം കേരളത്തിന്റെ ആരോഗ്യരംഗത്തെ വളർച്ചയിലും പൊതുജനാരോഗ്യ സംവിധാനത്തിനും നിർണായകമായ സംഭാവനകളാണ് നൽകിയിട്ടുള്ളത്.(Thiruvananthapuram Medical College completes 75 years)
രാജ്യത്തെ മുൻനിര മെഡിക്കൽ വിദ്യാഭ്യാസ, ചികിത്സാ സ്ഥാപനങ്ങളിലൊന്നായി മെഡിക്കൽ കോളേജ് വളർന്നു. മെഡിക്കൽ കോളേജിലെ എമർജൻസി വിഭാഗം സെന്റർ ഓഫ് എക്‌സലൻസ് ആയി ഉയർത്തപ്പെട്ടു. എസ്.എ.ടി. ആശുപത്രി, രാജ്യത്തെ 10 ആശുപത്രികളിലൊന്നായി അപൂർവ രോഗങ്ങളുടെ സെന്റർ ഓഫ് എക്‌സലൻസ് പട്ടികയിൽ ഉൾപ്പെട്ടു. മെഡിക്കൽ കോളേജും ദന്തൽ കോളേജും ആദ്യമായി ദേശീയ റാങ്കിംഗിൽ ഇടം നേടി.
125 ഏക്കറോളം വ്യാപിച്ചു കിടക്കുന്ന വിശാലമായ ക്യാമ്പസാണ് മെഡിക്കൽ കോളേജിനുള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകൾക്ക് പുറമേ, അതിർത്തിയോട് ചേർന്നുള്ള തമിഴ്‌നാട്ടിലെ ജില്ലക്കാർക്കും പ്രധാന ആശ്രയമാണ് ഈ സ്ഥാപനം. പ്രതിദിനം 8,000-ത്തോളം പേർ ഒ.പി.യിലും 500-ഓളം പേർ ഐ.പി.യിലുമായി മെഡിക്കൽ കോളേജ് ആശുപത്രിയിലും എസ്.എ.ടി.യിലും പുതിയതായി ചികിത്സ തേടുന്നു.
250 വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്ന എം.ബി.ബി.എസ് കോഴ്സിന് പുറമെ 24 സ്പെഷ്യാലിറ്റികളും 16 സൂപ്പർ സ്പെഷ്യാലിറ്റികളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഗവേഷണ പ്രവർത്തനങ്ങൾക്കും കോളേജ് പ്രാധാന്യം നൽകുന്നു.എഴുപത്തിയഞ്ചാം വർഷത്തിലേക്ക് കടന്ന വേളയിൽ മെഡിക്കൽ കോളേജിലെ എല്ലാവർക്കും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആശംസകൾ നേർന്നു.