തിരുവനന്തപുരം: ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് രോഗി മരിച്ചു എന്ന കൊല്ലം പന്മന സ്വദേശി വേണുവിന്റെ കുടുംബത്തിന്റെ പരാതിയിൽ വിശദീകരണവുമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് അധികൃതർ. എല്ലാ രോഗികളെയും ഒരുപോലെയാണ് കണ്ടതെന്നും പ്രോട്ടോക്കോൾ അനുസരിച്ചുള്ള എല്ലാ ചികിത്സയും വേണുവിന് നൽകിയിരുന്നുവെന്നും ഡോക്ടർമാർ അവകാശപ്പെട്ടു.(Thiruvananthapuram Medical College authorities on Venu's death)
തിരുവനന്തപുരം മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗം മേധാവി ഡോ. മാത്യു ഐപ്പ് ആണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. വേണുവിന് ചികിത്സ നൽകിയതിൽ ഒരു തരത്തിലുള്ള വീഴ്ചയും സംഭവിച്ചിട്ടില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.
വേദന തുടങ്ങി 24 മണിക്കൂറിന് ശേഷമാണ് വേണു ആശുപത്രിയിൽ എത്തുന്നത്. പരിശോധനയിൽ ഹൃദയാഘാതം സ്ഥിരീകരിച്ചിരുന്നു. സമയം വൈകിയത് കാരണം പ്രാഥമിക ആൻജിയോപ്ലാസ്റ്റി ഉൾപ്പെടെയുള്ള അടിയന്തര ചികിത്സ നൽകാൻ സാധിച്ചില്ല. തുടർന്ന് മറ്റ് മരുന്നുകൾ നൽകുകയായിരുന്നു.
നവംബർ അഞ്ചിന് വൈകിട്ട് രോഗിക്ക് ഹാർട്ട് ഫെയ്ലിയർ ഉണ്ടായി. രോഗിക്ക് സാധ്യമായ ഏറ്റവും മികച്ച ചികിത്സ നൽകിയെന്നാണ് ഡോക്ടർ അവകാശപ്പെടുന്നത്. മെഡിക്കൽ കോളേജിന്റെ അനാസ്ഥ കാരണമാണ് ഓട്ടോ ഡ്രൈവറായ 48-കാരൻ വേണു മരിച്ചതെന്നാണ് കുടുംബത്തിന്റെ പരാതി. അടിയന്തര ആൻജിയോഗ്രാം നടത്തേണ്ട വേണുവിന് 5 ദിവസം ചികിത്സ നിഷേധിച്ചു എന്നാണ് കുടുംബം ആരോപിക്കുന്നത്.
കുടുംബം മുഖ്യമന്ത്രിയ്ക്കും ആരോഗ്യ മന്ത്രിക്കും പരാതി നൽകി. പരാതിയുടെ പശ്ചാത്തലത്തിൽ അടിയന്തര അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. നേരത്തെ, വീഴ്ച സംഭവിച്ചിട്ടില്ലെന്നും ചികിത്സ ഉറപ്പാക്കിയെന്നുമായിരുന്നു മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ വിശദീകരണം. ഡോക്ടർമാരുടെ പ്രതികരണത്തോടെ ഈ വിഷയത്തിലെ വിവാദം കൂടുതൽ ശക്തമായിരിക്കുകയാണ്.