തിരുവനന്തപുരം: വ്യോമയാന സുരക്ഷ വർധിപ്പിക്കാൻ നടപടി സ്വീകരിച്ച് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം(Thiruvananthapuram International Airport). വിമാന പാതയിലെ മരങ്ങൾ, ഹോർഡിംഗുകൾ, മിന്നൽ ചാലക ആന്റിനകൾ എന്നിവയുൾപ്പെടെയുള്ളവ പുതുക്കി സ്ഥാപിക്കാനും ഭീഷണിയായവ ഒഴുവാക്കാനുമാണ് നിശ്ചയിച്ചിട്ടുള്ളത്. ഇത്തരത്തിൽ 141 തടസ്സങ്ങൾ നീക്കം ചെയ്തതായി അധികൃതർ അറിയിച്ചു.
വള്ളക്കടവ്, ഓൾ സെയിന്റ്സ് ജംഗ്ഷൻ, ബാലനഗർ, ചക്കാ-ശംഖുമുഖം റോഡ്, ചിത്രാഞ്ജലി ഹിൽസ്, ജഡ്ജ് കുന്ന്, എയർഫോഴ്സ് സ്റ്റേഷൻ, ഐശ്വര്യ നഗർ എന്നിവിടങ്ങളിൽ നിന്നുള്ള തടസ്സങ്ങൾ നീക്കം ചെയ്തു. ഇവയിൽ പലതും വിമാനങ്ങൾ ലാൻഡ് ചെയ്യുന്നതിനോ ടേക്ക് ഓഫ് ചെയ്യുന്നതിനോ ഉപയോഗിക്കുന്ന അപ്രോച്ച് ഫണലിലും സോണുകളിലും സ്ഥിതിചെയ്യുന്നതിനാൽ ഇവിടങ്ങളിലെ വ്യോമ സുരക്ഷ നിർണായകമാണ്.
വിമാനത്താവളത്തിന് സമീപത്ത് നിന്ന് വ്യോമയാന സുരക്ഷ വര്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഏകദേശം 14 തടസ്സങ്ങൾ നീക്കം ചെയ്തു. അവയിൽ ഒരു ഐ.എ.എഫ് ആന്റിന, ആനയറയിലെ ഒരു അപ്പാർട്ട്മെന്റ് സമുച്ചയത്തിന്റെ ഒരു ഹോർഡിംഗ്, ആശുപത്രിയുടെ ഒരു മിന്നൽ രക്ഷ കവചം, ഓൾ സെയിന്റ്സ് ജംഗ്ഷനിലെ ക്യാമറ പോൾ, സുലൈമാൻ സ്ട്രീറ്റിലെ ഒരു വീടിന്റെ മേൽക്കൂര, കൊച്ചുവേളിക്ക് സമീപമുള്ള ഒരു ആഡംബര ഹോട്ടലിന്റെ ഒരു മിന്നൽ രക്ഷ കവചം, ചിത്രാഞ്ജലി ഹിൽസിലെ വാച്ച് ടവർ, ജിവി രാജ ലെയ്‌നിലെ ഒരു വീടിന്റെ പാരപെറ്റുകളും തൂണുകളും എന്നിവ ഉൾപ്പെടുന്നു.