തിരുവനന്തപുരം: ഡി.സി.സി. അധ്യക്ഷൻ എൻ. ശക്തൻ രാജിവച്ചു. കെ.പി.സി.സി. നേതൃത്വത്തിന് അദ്ദേഹം രാജിക്കത്ത് കൈമാറി. രാജിക്ക് പിന്നാലെ എൻ. ശക്തനുമായി ചർച്ച നടത്താൻ കെ.പി.സി.സി. അധ്യക്ഷൻ സണ്ണി ജോസഫ് ശ്രമം ആരംഭിച്ചു. എങ്കിലും, കെ.പി.സി.സി. നേതൃത്വം രാജി ഇതുവരെ ഔദ്യോഗികമായി സ്വീകരിച്ചിട്ടില്ല.(Thiruvananthapuram DCC President N Sakthan resigns, KPCC makes a conciliatory move)
താൽക്കാലിക ഡി.സി.സി. പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്നും കെ.പി.സി.സി. വൈസ് പ്രസിഡന്റ് പദവി തിരികെ നൽകണമെന്നും എൻ. ശക്തൻ നേരത്തെ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. പാലോട് രവി രാജിവച്ചപ്പോൾ 10 ദിവസത്തേക്ക് ഏൽപ്പിച്ച ചുമതലയിൽ നിന്ന് മൂന്ന് മാസമായിട്ടും മാറ്റാത്ത സാഹചര്യത്തിലാണ് അദ്ദേഹം എ.ഐ.സി.സി. ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷി, കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് എന്നിവരെ സമീപിച്ചത്.
തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഡി.സി.സി. പ്രസിഡന്റിന്റെ ചുമതല ജില്ലയിലാകെ പൂർണ്ണ ശ്രദ്ധ വേണ്ട ഒന്നാണ്. ഈ സാഹചര്യത്തിൽ തനിക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപര്യമുള്ളതിനാൽ, തന്നെക്കാൾ സജീവമായി ഇടപെടാൻ കഴിയുന്ന ഒരാൾ സ്ഥാനമേൽക്കണം എന്ന അഭിപ്രായമാണ് അദ്ദേഹം നേതാക്കളെ അറിയിച്ചിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കോൺഗ്രസിന്, തലസ്ഥാന ജില്ലയിലെ ഡി.സി.സി. അധ്യക്ഷന്റെ രാജി തിരിച്ചടിയാകാൻ സാധ്യതയുണ്ട്.