

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലേക്കുള്ള ആദ്യഘട്ട സ്ഥാനാർഥിപ്പട്ടിക ബി.ജെ.പി. പുറത്തുവിട്ടു. 67 സ്ഥാനാർഥികളെയാണ് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചത്. പ്രമുഖരെ കളത്തിലിറക്കിയാണ് ഇത്തവണ ബി.ജെ.പി. തിരഞ്ഞെടുപ്പ് പോരാട്ടത്തിനൊരുങ്ങുന്നത്.
മുൻ ഡി.ജി.പി. ആർ. ശ്രീലേഖ ശാസ്തമംഗലം വാർഡിൽ ജനവിധി തേടും. ഏഷ്യൻ ഗെയിംസിൽ മെഡലുകൾ നേടിയ കായികതാരവും മുൻ സ്പോർട്‌സ് കൗൺസിൽ പ്രസിഡന്റുമായ പദ്മിനി തോമസ് പാളയം വാർഡിൽ മത്സരിക്കും. ബി.ജെ.പി. സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ് കൊടുങ്ങാനൂരിൽ നിന്ന് ജനവിധി തേടും.കഴക്കൂട്ടത്ത് അനിൽ കഴക്കൂട്ടവും പേട്ടക്കടയിൽ ടി.എസ്. അനിൽകുമാറുമാണ് മത്സരിക്കുന്നത്.
കോൺഗ്രസ് വിട്ട് ബി.ജെ.പി.യിലെത്തിയ നേതാക്കൾക്കും ഇത്തവണ സീറ്റ് നൽകിയിട്ടുണ്ട്:കെ. മഹേശ്വരൻ നായർ പുന്നയ്ക്കാമുകളിൽ നിന്ന് മത്സരിക്കും.തമ്പാനൂർ സതീഷും മത്സരരംഗത്തുണ്ട്.സിറ്റിങ് കൗൺസിലർമാരിൽ ഭൂരിഭാഗം പേരെയും ബി.ജെ.പി. നിലനിർത്തിയിട്ടുണ്ട്.
തലസ്ഥാനത്ത് കഴിഞ്ഞ തവണ നടന്ന തിരഞ്ഞെടുപ്പിൽ 35 സീറ്റുകളിലാണ് ബി.ജെ.പി.ക്ക് വിജയിക്കാൻ സാധിച്ചത്. ഇത്തവണ കൂടുതൽ സീറ്റുകൾ നേടി ഭരണം പിടിക്കാമെന്ന പ്രതീക്ഷയിലാണ് പാർട്ടി.