തിരുവനന്തപുരം: വിദേശ വിനോദസഞ്ചാരികളുടെ ബുക്കിംഗിൽ രാജ്യത്ത് ഏറ്റവും വേഗത്തിൽ വളർച്ച രേഖപ്പെടുത്തുന്ന നഗരമായി തിരുവനന്തപുരം മാറി. അഗോഡയുടെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം റാങ്കിംഗിൽ 11 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി തിരുവനന്തപുരം 22-ാം സ്ഥാനത്തെത്തി. 2024-ൽ ഇത് 33-ാം സ്ഥാനമായിരുന്നു.(Thiruvananthapuram captivates international tourists, Huge jump in rankings )
പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ വാസ്തുവിദ്യയും നഗരത്തിലെ മ്യൂസിയങ്ങളും ചരിത്രപ്രേമികളെ ആകർഷിക്കുന്നു. ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ട കോവളം ബീച്ചും വർക്കലയിലെ ക്ലിഫ് കാഴ്ചകളും സഞ്ചാരികളുടെ പ്രധാന തിരഞ്ഞെടുപ്പുകളാണ്. പൊന്മുടി ഹിൽ സ്റ്റേഷനും നെയ്യാർ വന്യജീവി സങ്കേതവും പ്രകൃതി സ്നേഹികൾക്ക് പ്രിയപ്പെട്ടതാണ്.
പരമ്പരാഗത ആയുർവേദ ചികിത്സകൾക്കും വിശ്രമ വേളകൾക്കുമായി നിരവധി വിദേശികളാണ് തിരുവനന്തപുരത്തെത്തുന്നത്. അന്താരാഷ്ട്ര വിമാനത്താവളവും മികച്ച റെയിൽ-റോഡ് സൗകര്യങ്ങളും നഗരത്തിലേക്കുള്ള യാത്ര സുഗമമാക്കുന്നു.
ആഭ്യന്തര സഞ്ചാരികളുടെ ഇടയിൽ ഏറ്റവും കൂടുതൽ ട്രെൻഡിംഗായ നഗരമായി മധ്യപ്രദേശിലെ ഇൻഡോർ മാറി. അഗോഡ റാങ്കിംഗിൽ 35-ൽ നിന്ന് 28-ാം സ്ഥാനത്തേക്ക് ഇൻഡോർ ഉയർന്നു. തിരുവനന്തപുരത്തെ ഭക്ഷണ വൈവിധ്യങ്ങളും സമുദ്രവിഭവങ്ങളും വിനോദസഞ്ചാര മേഖലയ്ക്ക് കൂടുതൽ കരുത്ത് പകരുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.