

പത്തനംതിട്ട: കേരളത്തെ ഞെട്ടിച്ച തിരുവല്ലയിലെ കവിത കൊലക്കേസിലെ പ്രതി അജിൻ റെജി മാത്യുവിനുള്ള ശിക്ഷാവിധി ഇന്ന് പ്രഖ്യാപിക്കും. പത്തനംതിട്ട അഡീഷണൽ ജില്ലാ കോടതി –1 ആണ് ഏറെ കോളിളക്കം സൃഷ്ടിച്ച ഈ കേസിൽ വിധി പ്രസ്താവിക്കുന്നത്.
കഴിഞ്ഞ ദിവസം അജിൻ കുറ്റക്കാരനാണ് എന്ന് കോടതി കണ്ടെത്തിയിരുന്നു. കവിതയെ മുൻകൂട്ടി ആസൂത്രണം ചെയ്ത് കൊലപ്പെടുത്തിയതാണെന്ന് കോടതി കണ്ടെത്തി. കൊലപാതകം അതിക്രൂരമാണെന്നും പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നൽകണമെന്നാണ് കവിതയുടെ കുടുംബത്തിന്റെ ആവശ്യം. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കേസിലെ പ്രധാന തെളിവായി. പ്രണയാഭ്യർഥന നിരസിച്ചതിനാണ് ആക്രമണം നടത്തിയതെന്നാണു പ്രതി നൽകിയ മൊഴി. കൊലപാതകം, തടഞ്ഞുവയ്ക്കൽ എന്നീ കുറ്റങ്ങളാണ് പ്രതിക്ക് മേൽ ചുമത്തിയത്.
2019 മാർച്ച് 12- ന് ചിലങ്ക ജംക്‌ഷനിലെ റെയിൽവേ സ്റ്റേഷൻ റോഡിലായിരുന്നു സംഭവം നടന്നത്. 2019 മാർച്ച് 12-ന് ഉച്ചയ്ക്ക് തിരുവല്ലയിലെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് സമീപം എം.എൽ.ടി. ക്ലാസിലേക്ക് പോകുന്ന വഴിയിൽ നടുറോഡിൽ വെച്ച് കവിതയെ അജിൻ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. 3 കുപ്പി പെട്രോൾ, കയർ, കത്തി എന്നിവ ബാഗിൽ കരുതിയാണു പ്രതി അജിൻ രാവിലെ ചിലങ്ക ജംക്‌ഷനിൽ കവിതയെ കാത്തുനിന്നത്.
ബസ് സ്റ്റാൻഡിൽ ബസിറങ്ങിയ ശേഷം നടക്കുകയായിരുന്ന കവിതയെ അജിൻ പിന്തുടരുന്നു. പെട്ടന്നായിരുന്നു അജിൻ കവിതയുടെ വഴി തടസപ്പെടുത്തി കുറുക്കെ നിൽക്കുന്നതും, കൈയിൽ കരുതിയ കത്തി കൊണ്ട് കവിതയുടെ വയറ്റിൽ കുത്തുന്നതും. തുടർന്ന് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. 70 ശതമാനത്തിലധികം പൊള്ളലേറ്റ കവിത, ദിവസങ്ങൾ നീണ്ട ചികിത്സയ്‌ക്കൊടുവിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു. 9 ദിവസം വെന്റിലേറ്ററിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കവിത മാർച്ച് 20 നാണ് മരണപ്പെടുന്നത്. ആക്രമണത്തിന് ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച അജിനെ കൈകാലുകൾ ബന്ധിച്ച് നാട്ടുകാർ തടഞ്ഞുവെച്ച് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. കവിതയും അജിനും സ്കൂൾകാലത്ത് പരിചയപ്പെട്ടവരാണ്.
സംഭവം നടന്ന റെയിൽവേ സ്റ്റേഷൻ റോഡിലെ കടയിലെ സിസിടിവി ദൃശ്യങ്ങളാണ് കേസിലെ പ്രധാന വഴിത്തിരിവായി മാറിയത്. 40 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ പ്രതി പെൺകുട്ടിയെ ആക്രമിക്കുന്നത് വ്യക്തമായിരുന്നു. എന്നാൽ, പ്രായം പരിഗണിച്ചു ശിക്ഷ കുറയ്ക്കരുത് എന്നാണ് കവിതയുടെ കുടുംബത്തിന്റെ ആവശ്യം. ഇന്ന് ശിക്ഷാവിധി പ്രഖ്യാപിക്കുമ്പോൾ, നീതി നടപ്പിലാകുമെന്ന പ്രതീക്ഷയിലാണ് കേരളം.