
കോട്ടയം: എം.സി റോഡരുകിൽ സ്ഥാപിച്ചിട്ടുള്ള സോളർ വഴി വിളക്കുകൾ മിഴിയടച്ചിട്ട് 10 വർഷം കഴിഞ്ഞു(Thieves Love Solar Batteries). ഭൂരിപക്ഷം ലൈറ്റുകളുടെയും ബാറ്ററി കള്ളന്മാർ മുഷ്ടിച്ചു കൊണ്ടു പോയി. 2014 ൽ മിഴി തുറന്ന ലൈറ്റുകൾ, സ്ഥാപിച്ചു 3 മാസത്തിനുള്ളിൽ തന്നെ നശിച്ചു തുടങ്ങിയിരുന്നു.
ഇതുവഴി കഴിഞ്ഞ 3 മാസത്തിനിടെ കാൽ നടയായി സഞ്ചരിച്ച 3 പേർ വാഹനാപകടത്തിൽ മരിച്ചു. 15 പേർക്ക് പരിക്കേറ്റു. രാത്രിയിൽ വെളിച്ചക്കുറവ് നേരിടുന്നതിനാൽ വാഹനങ്ങൾ ഡിവൈഡറുകളിലേക്ക് ഇടിച്ചുകയറുന്നതും തുടർ കഥയായി. 3 കാൽനട യാത്രക്കാർ മരിച്ചതോടെ റോഡിൽ സുരക്ഷാ മുന്നറിയിപ്പു സംവിധാനം ആവശ്യപ്പെട്ട് ചിങ്ങവനം പൊലീസ് കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രൊജക്ട് വിഭാഗത്തെ സമീപിച്ചിരുന്നു.
ചിങ്ങവനം സ്റ്റേഷൻ മുതൽ മണിപ്പുഴ വരെ സ്ഥാപിച്ച 138 ലൈറ്റുകളും പ്രവർത്തിക്കുന്നതല്ല. 2014–2015 കാലത്താണ് എം.സി റോഡിൽ 200 ലൈറ്റുകൾ കെ.എസ്.ടി.പി സ്ഥാപിച്ചത്. ലൈറ്റുകൾ സ്ഥാപിച്ചതിനു പിന്നാലെ കള്ളന്മാർ മോഷ്ടിക്കുന്നതും പതിവായി. സോളാർ ബാറ്ററികൾക്ക് നല്ല വിലകിട്ടുമെന്നതിനാൽ മോഷണം പതിവായിരിക്കുകയാണ്.