

അമ്പലപ്പുഴ: പട്ടാപകല്‍ വീട് കുത്തിതുറന്ന് സ്വണാഭരണങ്ങള്‍ കവർന്ന കേസില്‍ ഒരാള്‍ അറസ്റ്റിൽ. പുറക്കാട് പഞ്ചായത്ത് ആറാം വാര്‍ഡ് ഇല്ലിച്ചിറ പുത്തന്‍ പറമ്പ് വീട്ടില്‍ സുദേശന്‍ (40) ആണ് അമ്പലപ്പുഴ പൊലീസിന്റെ പിടിയിലായത്. തകഴി സ്വദേശിയായ തോമസിന്റെ വീട്ടില്‍ നിന്ന് പതിമൂന്നര പവനോളം സ്വര്‍ണമാണ് ഇയാൾ മോഷ്ടിച്ചത്. മോഷ്ടിച്ച സ്വര്‍ണാഭരണങ്ങള്‍ മറ്റൊരാളുടെ പുരയിടത്തില്‍ കുഴിച്ചിട്ട പ്രതി രണ്ട് ദിവസത്തിന് ശേഷം അവിടെ നിന്ന് എടുക്കുകയും താലിമാലയില്‍ ഉണ്ടായിരുന്ന കുരിശ് മിന്ന് കരുമാടിയിലെ പള്ളിയിലെ കാണിക്ക വഞ്ചിയില്‍ ഇട്ട ശേഷം ബാക്കിയുള്ളവ വില്‍ക്കുകയും മാറ്റി വാങ്ങുകയുമായിരുന്നു. കവര്‍ച്ച ചെയ്ത എല്ലാ സ്വണാഭരണങ്ങളും പൊലീസ് കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കഴിഞ്ഞ മാസം 22 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.