കൊച്ചി: വൃദ്ധയുടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞ മോഷ്ടാവ് പിടിയിൽ. ചേരാനല്ലൂർ പള്ളിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന ഉമേഷ് (44) എന്നയാളാണ് അറസ്റ്റിലായത്. ചൊവ്വര തെറ്റാലി സ്വദേശിനിയുടെ ഒന്നേമുക്കാൽ പവനോളം തൂക്കം വരുന്ന മാലയാണ് പ്രതി കവർന്നത്.
നടന്നു പോവുകയായിരുന്ന വൃദ്ധയുടെ അടുത്ത് ബൈക്കിലെത്തി വഴി ചോദിക്കാനെന്ന വ്യാജേനെ നിർത്തി മാല പൊട്ടിച്ചെടുക്കുകയായിരുന്നു. കച്ചേരിപ്പടി ഭാഗത്തുള്ള ഫൈനാൻസ് സ്ഥാപനത്തിൽ പണയം വെച്ച തൊണ്ടിമുതൽ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
ഇരുചക്രവാഹനവും പ്രതി ധരിച്ച ഹെൽമെറ്റും, റെയിൻ കോട്ടും മാസ്ക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. വരാപ്പുഴ, ചേരാനല്ലൂർ, ബിനാനി പുരം, നോർത്ത് പറവൂർ, ആലുവ സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ പത്തോളം കേസുകളുണ്ട്.