
ബിഗ് ബോസ് മലയാളം സീസൺ ഏഴിലെ ഏറ്റവും ശ്രദ്ധേയായ മത്സരാർത്ഥിയായിരുന്നു ജിസേൽ തക്രാൾ. ഇംഗ്ലീഷും മലയാളവും ചേർത്തുള്ള ജിസേലിന്റെ സംസാര രീതി തുടക്കത്തിൽ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഫിനാലേയിലേക്ക് എത്താൻ സാധ്യതയുണ്ടെന്ന് പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്ന ജിസേൽ രണ്ടാഴ്ച മുൻപ് ഷോയിൽ നിന്ന് പുറത്തായിരുന്നു. എന്നാൽ പുറത്തിറങ്ങിയ ജിസേലിന് വലിയ ആരാധക പിന്തുണയാണ് ലഭിക്കുന്നത്.
ഇപ്പോഴിതാ ആദില, നൂറ എന്നിവരെക്കുറിച്ച് ജിസേൽ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഫാമിലി വീക്കിൽ കുടുംബാംഗങ്ങൾ വരാത്തതിൽ ആദിലയ്ക്ക് വിഷമമുണ്ടായിരുന്നെന്നാണ് ജിസേൽ പറയുന്നത്. ആദില ഒളിച്ചു കരയുന്നത് രണ്ട് വട്ടം താൻ കണ്ടിട്ടുണ്ടെന്നും ജിസേൽ പറയുന്നു. ഒരു മീഡിയക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ജിസേലിന്റ വെളിപ്പെടുത്തൽ.
"അവരുടെ ഫാമിലി വരുമെന്ന് ഞങ്ങളും പ്രതീക്ഷിച്ചിരുന്നു. സഹോദരങ്ങളെങ്കിലും വന്നിരുന്നെങ്കിൽ നന്നായിരുന്നു. ആദില ഒളിച്ചു കരയുന്നത് രണ്ട് വട്ടം താൻ കണ്ടിട്ടുണ്ട്. അത് വളരെ വേദനാജനകമാണ്. എത്ര ഫ്രണ്ട്സ് വന്നാലും നമ്മുടെ ഫാമിലി ഫാമിലിയാണ്. ഈ ഷോ കഴിഞ്ഞ് അവരുടെ കുടുംബം അവരെ അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതിന് വേണ്ടി താൻ പ്രാർത്ഥിക്കുന്നു." - ജിസേൽ വ്യക്തമാക്കി.
ബിഗ് ബോസ് ഹൗസിൽ ജിസേൽ, ആദില-നൂറയുമായി അടുത്ത സുഹൃത്തുക്കൾ ആയിരുന്നില്ല. തുടക്കത്തിൽ സൗഹൃദമുണ്ടായിരുന്നെങ്കിലും പിന്നീടിവർ അകലം പാലിക്കുന്ന കാഴ്ചയാണ് കണ്ടത്. ഇവർ തമ്മിലുള്ള ചില അസ്വാരസ്യങ്ങളും സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. വീട്ടിനകത്ത് പലപ്പോഴും അനുമോളും ജിസേലും വഴക്ക് ഇടുമ്പോൾ അനുമോൾക്കൊപ്പമാണ് ആദിലയും നൂറയും നിന്നത്.