'വലിയ ഗൂഢാലോചന നടന്നു, തൊഴിലാളികളെ കൊല്ലാൻ ശ്രമിച്ചു': താമരശ്ശേരി മാലിന്യ സംസ്കരണ പ്ലാൻ്റ് ആക്രമണത്തിൽ ഉടമ | Waste treatment plant

ആക്രമണം നടത്തിയത് പോലീസിനെ പോലും ഭയമില്ലാത്ത ഒരു സംഘമാണെന്നും അദ്ദേഹം പറഞ്ഞു
'വലിയ ഗൂഢാലോചന നടന്നു, തൊഴിലാളികളെ കൊല്ലാൻ ശ്രമിച്ചു': താമരശ്ശേരി മാലിന്യ സംസ്കരണ പ്ലാൻ്റ് ആക്രമണത്തിൽ ഉടമ | Waste treatment plant
Published on

കോഴിക്കോട്: താമരശ്ശേരി ഫ്രഷ് കട്ട് മാലിന്യ സംസ്കരണ പ്ലാന്റിൽ നടന്ന ആക്രമണം ഒറ്റപ്പെട്ട സംഭവമല്ലെന്നും പിന്നിൽ വലിയ ആസൂത്രണം നടന്നെന്നും പ്ലാന്റ് ഉടമ കെ. സുജീഷ് പ്രതികരിച്ചു. ആക്രമണം നടത്തിയത് പോലീസിനെ പോലും ഭയമില്ലാത്ത ഒരു സംഘമാണെന്നും തൊഴിലാളികളെ ജീവനോടെ കൊല്ലാൻ അവർ ശ്രമിച്ചെന്നും സുജീഷ് ആരോപിച്ചു.(They tried to kill the workers, says Owner of Thamarassery waste treatment plant)

"കോഴിയറവ് മാലിന്യം വേവിക്കുന്ന മൂന്ന് കുക്കറുകൾ തകർക്കാനാണ് അവർ ശ്രമിച്ചത്. കുക്കർ പൊട്ടിത്തെറിച്ചിരുന്നുവെങ്കിൽ വലിയ ദുരന്തം ഉണ്ടായേനെ. നിയമം അനുസരിച്ച് മാത്രമേ പ്ലാന്റ് പ്രവർത്തിച്ചിട്ടുള്ളൂ," സുജീഷ് വ്യക്തമാക്കി.

സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്ത്

അറവ് മാലിന്യ സംസ്കരണ പ്ലാന്റ് വിരുദ്ധ സമരത്തിനിടെയുണ്ടായ സംഘർഷത്തിന്റെ കൂടുതൽ സി.സി.ടി.വി. ദൃശ്യങ്ങൾ ഇന്ന് പുറത്തുവന്നിട്ടുണ്ട്. മുഖം മറച്ചാണ് അക്രമികൾ സ്ഥലത്തെത്തിയത്. പെട്രോളുമായി എത്തിയ ഇവർ വാഹനങ്ങൾക്ക് തീയിടുകയും ഫാക്ടറി കത്തിക്കുകയും ചെയ്തതായി തൊഴിലാളികൾ പറഞ്ഞു. ഭീതിപ്പെടുത്തുന്ന ആക്രമണമാണ് നടന്നതെന്നും, പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റാൻ എത്തിയ ആംബുലൻസ് കടത്തിവിട്ടില്ലെന്നും തൊഴിലാളികൾ ആരോപിച്ചു. അക്രമികൾ തൊഴിലാളികളെയും ജീവനക്കാരെയും ആക്രമിച്ചു.

ആക്രമണവുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ. നേതാവ് ഉൾപ്പെടെ 321 പേർക്കെതിരെ പോലീസ് കേസെടുത്തു. ഡി.വൈ.എഫ്.ഐ. കൊടുവള്ളി ബ്ലോക്ക് പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ടി. മെഹറൂഫാണ് ഒന്നാം പ്രതി. കലാപം, വഴി തടയൽ, അന്യായമായി സംഘം ചേരൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പോലീസിനെ ആക്രമിച്ചതിനാണ് 321 പേർക്കെതിരെ കേസ്. പ്രതികളെ പിടികൂടാൻ പോലീസ് വ്യാപക തിരച്ചിൽ നടത്തുകയാണ്. കണ്ണൂർ റേഞ്ച് ഡി.ഐ.ജി. സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

ഇന്നലെ വൈകിട്ടാണ് പ്ലാന്റിനു മുന്നിൽ നടന്ന സമരത്തിനിടെ സംഘർഷമുണ്ടായത്. സംഘർഷത്തിൽ കോഴിക്കോട് റൂറൽ എസ്.പി. ഉൾപ്പെടെ 16 പോലീസുകാർക്കും 25-ഓളം നാട്ടുകാർക്കും പരിക്കേറ്റിരുന്നു. അതേസമയം, പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കോടഞ്ചേരി, ഓമശ്ശേരി, കട്ടിപ്പാറ പഞ്ചായത്തുകളിലെയും കൊടുവള്ളി നഗരസഭയിലെയും വിവിധയിടങ്ങളിൽ സമര സമിതി ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com