ഹൃദയദിനത്തില്‍ ഹൃദയം തുറന്ന് അവര്‍ ചിരിച്ചു; എക്‌മോയിലൂടെ ജീവിതം തിരികെ പിടിച്ചവരുടെ സംഗമവുമായി കിംസ്‌ഹെല്‍ത്ത്

ഹൃദയദിനത്തില്‍ ഹൃദയം തുറന്ന് അവര്‍ ചിരിച്ചു; എക്‌മോയിലൂടെ ജീവിതം തിരികെ പിടിച്ചവരുടെ സംഗമവുമായി കിംസ്‌ഹെല്‍ത്ത്
Published on

ലോക ഹൃദയദിനത്തോടനുബന്ധിച്ച്, എക്‌സ്ട്രാകോര്‍പറല്‍ മെമ്പറെയ്ന്‍ ഓക്‌സിജനേഷന്‍ (എക്‌മോ) ചികിത്സയിലൂടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയവരുടെ സംഗമവുമായി തിരുവനന്തപുരം കിംസ്‌ഹെല്‍ത്ത്. ഗുരുതര ഹൃദയ, ശ്വാസകോശ രോഗാവസ്ഥകളില്‍ ഒരു കൃത്രിമ സംവിധാനത്തിന്റെ സഹായത്തോടെ ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം ഏറ്റെടുത്ത്, ശരീരത്തിലെ രക്തയോട്ടവും ഓക്സിജന്റെ അളവും നിലനിര്‍ത്താന്‍ സഹായിക്കുന്ന അത്യാധുനിക ജീവൻ രക്ഷാ സംവിധാനമാണ് എക്‌മോ.

2012 ൽ ആദ്യമായി എക്മോ ചികിത്സയ്ക്ക് തുടക്കം കുറിച്ച കിംസ്‌ഹെല്‍ത്തിൽ ഇതുവരെ 120ലധികം പേര്‍ ചികിത്സയ്ക്ക് വിധേയരായിട്ടുണ്ട്. വെള്ളത്തില്‍ മുങ്ങിയുള്ള അപകടങ്ങള്‍, പാമ്പുകടി, വിഷബാധ, അക്യൂട്ട് ഇന്‍ഫക്ഷനുകള്‍, ഹൃദയപേശികളിലെ നീർക്കെട്ട് എന്നിങ്ങനെ രോഗിയുടെ മരണത്തിലേക്ക് വരെ നയിക്കാവുന്ന അതീവ ഗുരുതര സാഹചര്യങ്ങളില്‍ എക്‌മോ ചികിത്സയിലൂടെയാണ് മെഡിക്കല്‍ സംഘം അവരെയോരുത്തരേയും സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വന്നത്.

കിംസ്‌ഹെല്‍ത്തില്‍ നടന്ന ചടങ്ങ് പ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു. മായാജാലം കൺകെട്ടുകഥകളില്‍നിന്നുള്ള കലയാണെങ്കില്‍, എക്‌മോ ഒരു യാഥാര്‍ത്ഥ്യമാണ്. അത്ഭുതകരമായി ജീവന്‍ തിരികെ ലഭിച്ച് ഇന്ന് ഈ ചടങ്ങിന്റെ ഭാഗമായി എത്തിയിരിക്കുന്നവര്‍ അതിന്റെ ഉത്തമ ഉദാഹരണങ്ങളാണെന്നും മുതുകാട് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കൂടാതെ ആരോഗ്യമേഖലയില്‍ കിംസ്‌ഹെല്‍ത്ത് നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ ഏറെ അഭിനന്ദാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏവര്‍ക്കും മികച്ച ചികിത്സ നല്‍കുന്നതില്‍ കിംസ്‌ഹെല്‍ത്ത് എപ്പോഴും മുന്നിലാണെന്നും കൃത്യസമയത്തുള്ള ഇടപെടലാണ് കിംസ്‌ഹെല്‍ത്തിന്റെ മുഖമുദ്രയെന്നും കിംസ്‌ഹെല്‍ത്ത് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. എം.ഐ. സഹദുള്ള അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. കൂടാതെ അടുത്തിടെ ആരംഭിച്ച പീഡിയാട്രിക് കാർഡിയാക് സർജറി വിഭാഗത്തിന്റെ സേവനങ്ങളെപ്പറ്റിയും അദ്ദേഹം പ്രതിപാദിച്ചു. മാത്രമല്ല യുവാക്കളിൽ ഹൃദ്രോഗം വർദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ ഹൃദയാരോഗ്യം സംരക്ഷിക്കേണ്ടതും കൃത്യസമയത്ത് ചികിത്സ നേടേണ്ടതും അനിവാര്യമാണ്, അദ്ദേഹം കൂട്ടിച്ചേർത്തു. ഈ അപൂര്‍വ നേട്ടം കൈവരിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച കാര്‍ഡിയോളജി വിഭാഗം ഡോക്ടര്‍മാരെയും മറ്റ് ജീവനക്കാരെയും അദ്ദേഹം അഭിനന്ദിച്ചു.

കാർഡിയോ തൊറാസിക് സർജറി വിഭാഗം സീനിയർ കൺസൽട്ടൻറ് ഡോ. ഷാജി പാലങ്ങാടൻ ചടങ്ങിന് സ്വാഗതം ആശംസിക്കുകയും കാർഡിയോളജി വിഭാഗത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. കാർഡിയോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. അജിത് കുമാർ വി.കെ, കാർഡിയോ-തൊറാസിക് അനസ്തേഷ്യ വിഭാഗം കൺസൾട്ടന്റ് ഡോ. സുബാഷ് എസ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. കിംസ്ഹെൽത്ത് സഹസ്ഥാപകൻ ഇ.എം നജീബ് നന്ദി രേഖപ്പെടുത്തി. കൂടാതെ എക്മോ ചികിത്സയ്ക്ക് വിധേയരായവർ ചടങ്ങിൽ തങ്ങളുടെ അനുഭവം പങ്കുവയ്ക്കുകയും ചെയ്തു.

Related Stories

No stories found.
Times Kerala
timeskerala.com