കൊച്ചി: ലത്തീൻ സമുദായത്തിന്റെ സംഘടനാശക്തിയുടെ തെളിവാണ് തന്റെ പദവിയെന്ന് വി കെ മിനിമോൾ. യു ഡി എഫ് കൊച്ചി മേയർ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ദീപ്തി മേരി വർഗീസിനെ മറികടന്ന് വി.കെ. മിനിമോൾ എത്തിയത് രാഷ്ട്രീയ കേരളത്തിൽ ചർച്ച ചെയ്യപ്പെട്ട വിഷയമാണ്.(They have spoken for me, says Kochi Mayor VK Minimol)
"ഞാൻ ഇവിടെ നിൽക്കുന്നുണ്ടെങ്കിൽ അത് ലത്തീൻ സമുദായത്തിന്റെ ഉറച്ച ശബ്ദം കൊണ്ടാണ്. അർഹതയ്ക്ക് അപ്പുറമുള്ള സ്ഥാനങ്ങൾ തീരുമാനിക്കുമ്പോൾ അതിലേക്ക് ഒരു ശബ്ദം ഉയർത്താൻ നമ്മുടെ സമുദായത്തിന് സാധിച്ചു." തനിക്ക് വേണ്ടി സഭയിലെ പിതാക്കന്മാർ സംസാരിച്ചുവെന്നും മിനിമോൾ സഭാ സമ്മേളനത്തിൽ വ്യക്തമാക്കി.
മിനിമോളുടെ പ്രസ്താവനയെ പിന്തുണച്ചുകൊണ്ടാണ് കെ.ആർ.എൽ.സി.സി നേതൃത്വവും രംഗത്തെത്തിയത്. ജനാധിപത്യത്തിൽ പ്രാതിനിധ്യത്തിനായി ശബ്ദം ഉയർത്തേണ്ടത് ആവശ്യമാണെന്ന് കെ.ആർ.എൽ.സി.സി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് പറഞ്ഞു. രാഷ്ട്രീയ നേതൃത്വത്തോട് സമുദായത്തിന്റെ ആഗ്രഹം അറിയിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരാൾ വളർന്നു വരാൻ സഭ പിന്തുണ നൽകുന്നതിൽ തെറ്റില്ലെന്നും സമുദായത്തിന് അർഹമായ പ്രാതിനിധ്യത്തിന് വേണ്ടിയാണ് സംസാരിച്ചതെന്നുമാണ് കെ.ആർ.എൽ.സി.സി അധ്യക്ഷൻ വർഗീസ് ചക്കാലക്കൽ പ്രതികരിച്ചത്.