
ബിഗ് ബോസിൽ ആദിലയെയും നൂറയെയും അധിക്ഷേപിച്ച് വേദ് ലക്ഷ്മി. വീക്കിലി ടാസ്കിന് ശേഷം അക്ബറുമായി തർക്കിക്കുന്നതിനിടെയാണ് വേദ് ലക്ഷ്മി ഇരുവരെയും അധിക്ഷേപിച്ച് സംസാരിച്ചത്. ഈ പരാമർശത്തിൽ വേദ് ലക്ഷ്മിക്കെതിരെ വിമർശനം ശക്തമാണ്. ഇതിൻ്റെ വിഡിയോ ഏഷ്യാനെറ്റ് അവരുടെ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
വീക്ക്ലി ടാസ്കിലെ പ്രകടനവുമായി ബന്ധപ്പെട്ടാണ് ലക്ഷ്മിയും അക്ബറും തമ്മിൽ തർക്കമുണ്ടായത്. ടാസ്കിൽ നല്ല പ്രകടനം നടത്തിയില്ലെന്ന് ചൂണ്ടിക്കാട്ടി അക്ബറിന് നൂറ സ്വർണ കോയിൻ നൽകിയില്ല. താൻ സമയം കളഞ്ഞില്ലെന്ന് അക്ബറും കളഞ്ഞെന്ന് നൂറയും വാദിച്ചു. ഇതിനിടെ, അവിടെ പണിയെടുക്കാൻ പറ്റുന്നില്ലെന്ന് ലക്ഷ്മി വരെ പറഞ്ഞു എന്ന് നൂറ പറഞ്ഞു. തുടർന്ന് അക്ബറും ലക്ഷ്മിയും തമ്മിലായി തർക്കം. താൻ സമയം കളഞ്ഞെന്ന് മറ്റാർക്കും പരാതിയില്ലല്ലോ എന്ന അക്ബറിൻ്റെ വാദത്തിന് മറുപടി ആയിട്ടാണ് ലക്ഷ്മി ആദിലയെയും നൂറയെയും അധിക്ഷേപിച്ചത്.
“ഞാൻ പറയാം, ബാക്കിയാർക്കും എന്താ കുഴപ്പമില്ലാത്തതെന്ന്. ഇവിടെ സമൂഹത്തിൽ ഇറങ്ങി ജീവിക്കാൻ ഇവളുമാർക്കൊന്നും പറ്റത്തില്ല. അതിന് സപ്പോർട്ട് നിന്നിട്ട് അവരുടെ സപ്പോർട്ട് വാങ്ങി നിൽക്കാൻ എനിക്കത്ര ഉളുപ്പില്ലായ്മ ഇല്ല. ജോലി ചെയ്ത് തന്നത്താനെ നിൽക്കുന്ന രണ്ട് പേരാണെങ്കിൽ റെസ്പെക്ട് ചെയ്തേനെ. ഇത് അങ്ങനെയൊന്നും നിൽക്കുന്നവരല്ല. നിൻ്റെയൊക്കെ വീട്ടിലോട്ട് പോലും കേറ്റാത്തവളുമാരാ.”- വേദ് ലക്ഷ്മി പറഞ്ഞു.
നൂദില ചെരിപ്പ് ഫാക്ടറി ആയിരുന്നു ഈ ആഴ്ചത്തെ വീക്കിലി ടാസ്ക്. നൂറയായിരുന്നു ഉടമ. മറ്റുള്ളവർ കമ്പനിയിലെ ജോലിക്കാർ. നന്നായി ജോലി ചെയ്തു എന്ന് തോന്നുന്നവർക്ക് ഗോൾഡ് കോയിൻ നൽകണമെന്നതായിരുന്നു നൂറയുടെ ഉത്തരവാദിത്തം. എന്നാൽ, തർക്കിച്ച് സമയം കളഞ്ഞു എന്ന് ചൂണ്ടിക്കാട്ടി നൂറ തൊഴിലാളിസംഘടനാ നേതാവായ അക്ബറിന് കോയിൻ കൊടുത്തില്ല. ഇതാണ് തർക്കത്തിൽ കലാശിച്ചത്.