

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളെക്കുറിച്ചുള്ള മന്ത്രി സജി ചെറിയാന്റെ പരാമർശത്തെ വിമർശിച്ച് സംവിധായകന്‍ വിനയന്‍. 'പത്തൊമ്പതാം നൂറ്റാണ്ട്' എന്ന തന്റെ സിനിമയ്ക്ക് അവാർഡ് നിഷേധിക്കാൻ ചലച്ചിത്ര അക്കാദമി ഇടപെട്ട കാര്യം ജൂറി തന്നെയാണ് പറഞ്ഞിരുന്നതെന്ന് വിനയൻ ഓർമിപ്പിച്ചു. കൂടാതെ സ്വജനപക്ഷപാതത്തിലും രാഷ്ട്രീയക്കളിയിലും ആരും മോശമല്ലെന്നും വെറുതേ തള്ളി മറിച്ചിട്ട് ഒരു കാര്യവുമില്ലെന്നും വിനയൻ കൂട്ടിച്ചേര്‍ത്തു. തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു വിനയന്റെ പ്രതികരണം.
“മന്ത്രി സജി ചെറിയാൻ്റെ കാലത്ത് കൊടുത്ത അഞ്ച് സംസ്ഥാന സിനിമാ അവാർഡുകൾക്കും കൈയ്യടിയോട് കൈയടി ആയിരുന്നെന്നും ഭയങ്കര നീതിപൂർവ്വം ആയിരുന്നെന്നും മന്ത്രി പറയുന്നു. ഈ അഭിപ്രായത്തോട് നിങ്ങളെല്ലാം യോജിക്കുന്നുണ്ടോ? ഏതായാലും എനിക്ക് ഒന്നറിയാം. 2022-ലെ അവാർഡ് പ്രഖ്യാപിച്ചു കഴിഞ്ഞപ്പോൾ, 'പത്തൊമ്പതാം നൂറ്റാണ്ട് എന്ന എന്റെ സിനിമയ്ക് അവാർഡ് നിഷേധിക്കാൻ ചലച്ചിത്ര അക്കാദമി ഇടപെട്ടു' എന്ന വിവരം വെളിയിൽ പറഞ്ഞത് ഞാനോ അതിൻ്റെ നിർമ്മാതാവോ അല്ല. സാക്ഷാൽ ജൂറി അംഗങ്ങൾ തന്നെയാണ്.” - വിനയൻ കുറിച്ചു.
“അന്നത്തെ ജൂറി മെമ്പർമാരായ ശ്രീ നേമം പുഷ്‌പരാജും ശ്രീമതി ജെൻസി ഗ്രിഗറിയും അക്കാര്യം പച്ചക്ക് പറയുന്ന വോയിസ് ക്ലിപ്പുകൾ ഇന്നും സോഷ്യൽ മീഡിയയിൽ കിടപ്പുണ്ട്. മിനിസ്റ്റർ മറന്നു പോയെങ്കിൽ ഞാൻ ഒന്നു കൂടി എടുത്തയച്ചു തരാം. സ്വജന പക്ഷപാതത്തിലും വിലകുറഞ്ഞ രാഷ്ട്രീയക്കളിയിലും ആരും ഒട്ടും മോശമല്ല.. വെറുതെ തള്ളി മറിച്ചിട്ടൊരു കാര്യവുമില്ല”.-വിനയൻ കൂട്ടിച്ചേർത്തു.