

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് അനുകൂലമായ വിധി ഉണ്ടാകുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അഭിപ്രായപ്പെട്ടു. സംസ്ഥാന സർക്കാരിൽ ജനങ്ങൾക്ക് വിശ്വാസമുണ്ടെന്നും, സമാധാനത്തോടെ ഇത്രയും നന്നായി ജീവിക്കാൻ കഴിയുന്ന സ്ഥലം കേരളമാണെന്നും അദ്ദേഹം പറഞ്ഞു.(There will be a favorable verdict for LDF in the local body elections, says KN Balagopal)
ബലാത്സംഗ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിന് കോൺഗ്രസ് നൽകിയ പിന്തുണയെ മന്ത്രി രൂക്ഷമായി വിമർശിച്ചു. "ഇത്രയും വലിയ പദ്ധതി തയ്യാറാക്കിയാണോ കോൺഗ്രസ് കാര്യങ്ങൾ കാണുന്നത്? ഒളിവിൽ പോയവരും സപ്പോർട്ട് ചെയ്യുന്നവരും മിടുക്കരാണ് എന്നാണോ കരുതുന്നത്? സാമാന്യ മര്യാദ കോൺഗ്രസ് കാണിക്കണം."
"രാഹുൽ മാങ്കൂട്ടത്തിലിന് സ്വീകരണം നൽകിയതിൽ പടക്കവും വെടിക്കെട്ടും ഇല്ല എന്നേയുള്ളൂ. ഇതൊക്കെ സമൂഹത്തോടുള്ള വെല്ലുവിളിയാണ്." ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പാർട്ടി സമൂഹത്തോട് കാണിക്കേണ്ട സാമാന്യമര്യാദ കാണിക്കണമെന്നും കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി.
നീതി ലഭിക്കുമോ എന്ന കാര്യത്തിൽ ജനങ്ങളുടെ മനസ്സിൽ ആശങ്ക ഉണ്ടാക്കുന്ന രണ്ട് മൂന്ന് കാര്യങ്ങൾ ഉണ്ടായിട്ടുണ്ട്. ജനങ്ങൾക്ക് നീതി കിട്ടുമോ എന്ന കാര്യത്തിൽ പേടിയുണ്ടെന്നും, അത് കോടതി കാണും എന്നാണ് കരുതുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.