തൃശൂർ: കേന്ദ്രത്തിന്റെ പിഎം ശ്രീ പദ്ധതി സംബന്ധിച്ച് സി.പി.ഐയുമായി നിലനിൽക്കുന്ന തർക്കങ്ങൾ മുഖ്യമന്ത്രി ഇടപെട്ട് പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണെന്ന് മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി. വിദ്യാഭ്യാസം സ്റ്റേറ്റ് വിഷയമാണെന്നും, ഇടതുമുന്നണിയുടെ നയത്തിന് വിരുദ്ധമായി യാതൊന്നും നടപ്പാക്കാൻ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉറപ്പു നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.(There will be 4 CPI ministers in the cabinet meeting, says Saji Cherian)
പിഎം ശ്രീ വിഷയത്തിലെ തർക്കത്തിന് പ്രധാന കാരണം വിദ്യാഭ്യാസ വകുപ്പിന് ലഭിക്കേണ്ട 1450 കോടി രൂപ നഷ്ടപ്പെട്ടാൽ ഉണ്ടാകുന്ന പ്രതിസന്ധിയാണ്. ബി.ജെ.പി. സർക്കാരിന്റെ ഒരു വിദ്യാഭ്യാസ നയവും കേരളത്തിൽ നടപ്പാക്കാൻ ഇടതുമുന്നണി തയ്യാറല്ല. സി.പി.ഐക്ക് ആശങ്കകൾ ഉണ്ടാകാം, ആ ആശങ്കകൾ അവർ അറിയിക്കുകയും ചെയ്തു.
"മന്ത്രി എന്ന നിലയിൽ വി. ശിവൻകുട്ടി നേരിട്ട് പോയി കാര്യങ്ങൾ ബോധ്യപ്പെടുത്തി. പിന്നെയും സംശയങ്ങൾ ഉള്ളതാണ് ദൂരീകരിക്കാൻ ചർച്ചകൾ നടക്കുന്നത്. അത് പരിഹരിക്കുക തന്നെ ചെയ്യും. വൈകിട്ടത്തെ മന്ത്രിസഭായോഗത്തിൽ സി.പി.ഐയുടെ നാല് മന്ത്രിമാർ ഉണ്ടാകും." അദ്ദേഹം കൂട്ടിച്ചേർത്തു.
"ഹെഡ്ഗേവാറിനെ കുറിച്ച് പഠിപ്പിക്കാൻ സുരേന്ദ്രൻ പറയുമ്പോൾ സൗകര്യമില്ലെന്നാണ് മറുപടി." എന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭായോഗത്തിൽ ചർച്ച ചെയ്തു മാറ്റിവെച്ചെങ്കിലും വിദ്യാഭ്യാസ വകുപ്പിന് അതുമായി മുന്നോട്ടുപോകാൻ കഴിയും. 1500 കോടി രൂപ നഷ്ടപ്പെടുത്തണോ എന്നാണ് എതിർക്കുന്നവരോടുള്ള ചോദ്യം. ആ പണം ആവശ്യമായതുകൊണ്ടാണ് വിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് പോയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പി.എം. ശ്രീ പദ്ധതിയിൽ കേരള സർക്കാർ ഒപ്പിട്ടതിൽ പ്രതിഷേധിച്ചുകൊണ്ട് ഇന്ന് യു.ഡി.എസ്.എഫ്. (UDSF) സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. കെ.എസ്.യു., എം.എസ്.എഫ്. എന്നീ വിദ്യാർത്ഥി സംഘടനകളാണ് സംയുക്ത ബന്ദിന് നേതൃത്വം നൽകുന്നത്. യൂണിവേഴ്സിറ്റി, പൊതു പരീക്ഷകളെ വിദ്യാഭ്യാസ ബന്ദിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പി.എം. ശ്രീക്കെതിരെ യോജിച്ച പോരാട്ടം എന്ന നിലയിലാണ് യു.ഡി.എസ്.എഫ്. സമരത്തിനിറങ്ങിയത്. ഇതിന്റെ ഭാഗമായി എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. കൂടാതെ, ഈ മാസം 31-ന് ദേശീയപാത ഉപരോധം സംഘടിപ്പിക്കാനും യു.ഡി.എസ്.എഫ്. തീരുമാനിച്ചിട്ടുണ്ട്.